നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' രണ്ട് ഭാഗങ്ങളായി എത്തും. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ആദ്യഭാഗത്തിന്‍റെ ട്രെയ്‌ലർ ജൂലൈ 30-ന് പുറത്തിറങ്ങും.

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയൊരു ബ്രഹ്മാണ്ഡ ചിത്രം. അതാണ് 'രാമായണ'. ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് തിയറ്ററുകളിൽ എത്തുക. ആദ്യഭാ​ഗം ദീപാവലി റിലീസായി തിയറ്ററിൽ എത്താനിരിക്കെ സിനിമയുടെ ട്രെയിലർ സംബന്ധിച്ച അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 30 വ്യാഴാഴ്ച രാമായണയുടെ ട്രെയിലർ റിലീസ് ചെയ്യും. അന്നേദിവസം പുലർച്ചെ ബ്രഹ്മമുഹൂർത്തമായ 4.15-ന് ആണ് ട്രെയിലർ റിലീസ് ചെയ്യുക.

ഇതിനിടെ രാമായണയുടെ മ്യൂസിക് റൈറ്റ് റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ടി- സീരീസാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് നടന്നിരിക്കുന്നതെന്നും ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് സ്വന്തമാക്കിയത്. 250 കോടിയ്ക്കാണ് ധർമ പ്രൊഡക്ഷൻസ് രാമായണ സ്വന്തമാക്കിയത് എന്നാണ് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനാണ്.

നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്.

Scroll to load tweet…

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming