ബെംഗളൂരു: മലയാള സിനിമാനടി റേബാ മോണിക്കാ ജോണിനെ ശല്യംചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന, ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ളിന്‍ വിസിലിനെയാണ് മഡിവാള പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നടിയെ ശല്യപ്പെടുത്തിയതായാണ് പരാതി. 

ഞായറാഴ്ചകളില്‍ മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ പേകുന്നതിനിടെ സ്ഥിരമായി പിറകേനടന്ന് ശല്യം ചെയ്യുന്നെന്നും മൊബൈലിലേക്ക് സ്ഥിരമായി മെസേജുകള്‍ അയയ്ക്കുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നവംബറോടെയാണ് ഇയാളുടെ ശല്യം തുടങ്ങിയത്. 

നടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഇയാള്‍ പിന്നീട് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മെസേജുകള്‍ അയയ്ക്കുകയായിരുന്നു. പലതവണ താക്കീത് നല്‍കിയെങ്കിലും യുവാവ് ശല്യം തുടരുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.