'സ്ത്രീവിരുദ്ധത സമ്മതിക്കുമ്പോള്‍ത്തന്നെ അതൊന്നും മനപ്പൂര്‍വ്വം ചെയ്തതല്ല'
മുഖ്യധാരാ മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഗൗരവതരമായ ചര്ച്ചകള് തുടങ്ങിയത് അടുത്തകാലത്താണ്. സൂപ്പര്സ്റ്റാര് സിനിമകളിലെ, മിക്കപ്പോഴും നായകന്മാര് തന്നെ പറയുന്ന അത്തരം സംഭാഷണങ്ങള് ഒരുകാലത്ത് തീയേറ്ററുകളില് കൈയടികള് നേടിയെങ്കില് ഇന്ന് അവ കനത്ത വിമര്ശനമാണ് നേരിടുന്നത്. സോഷ്യല് മീഡിയയുടെ പ്രതാപകാലത്ത് പൊതുസമൂഹം ചര്ച്ച ചെയ്യുന്ന അത്തരം വിഷയങ്ങളില് വനിതാ കമ്മിഷന് ഇടപെടുന്ന സാഹചര്യം വരെ അടുത്തകാലത്തുണ്ടായി. തങ്ങളുടെ പുരുഷാധിപത്യ പ്രവണതകള് പരസ്യമാക്കി, ഒരു കാലത്ത് തീയേറ്ററുകളില് കൈയടികളും വലിയ വാണിജ്യ വിജയങ്ങളും നേടിയ നായക കഥാപാത്രങ്ങളില് പലരും രണ്ജി പണിക്കരുടെ തൂലികയില് നിന്ന് പിറന്നവരാണ്. കേരളീയ സമൂഹത്തില് പൊതുവിലുള്ള ലിംഗപരമായ അനീതിയെ സംബന്ധിച്ചുള്ള ചര്ച്ചകള് പല കാരണങ്ങളാല് സിനിമാ മേഖലയെ ചുറ്റിപ്പറ്റി ആരംഭിക്കുന്ന ഇക്കാലത്ത് തന്റെ പഴയ സിനിമകളെക്കുറിച്ച് രണ്ജി പണിക്കര് എന്താണ് കരുതുന്നത്? അവ സ്ത്രീ വിരുദ്ധമാണെന്ന് അദ്ദേഹം കരുതുന്നുണ്ടോ? സ്ത്രീവിരുദ്ധത തന്റെ ഉദ്ദേശമായിരുന്നില്ലെങ്കിലും മാറിയ കാലത്ത് നിന്ന് ചിന്തിക്കുമ്പോള് മുന്കാല തിരക്കഥകളില് അത്തരത്തിലുള്ള അംശങ്ങളുള്ളതായി തുറന്ന് സമ്മതിക്കുകയാണ് അദ്ദേഹം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രണ്ജി പണിക്കരുടെ തുറന്നുപറച്ചില്.
"ഒരു കാലത്ത് കണ്ട് കൈയടിച്ചവരെപ്പോലും ഞാന് എഴുതിയ സിനിമകള് ഇപ്പോള് അലോസരപ്പെടുത്തുന്നുണ്ട്. ആള്ക്കൂട്ടത്തിലിരുന്ന് എന്റെ സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള് അവഹേളനപരമായി തോന്നുന്നുവെങ്കില് , അത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നു. പക്ഷേ അത്തരത്തില് ഒരു വിഭാഗത്തെയും അവഹേളിക്കാന് ഞാന് ഉദ്ദേശിച്ചിരുന്നില്ലെന്ന് മാത്രം പറയട്ടെ." ദി കിംഗിലെ മമ്മൂട്ടിയുടെ നായകകഥാപാത്രമായ ജോസഫ് അലക്സിന്റേതുപോലെ പില്ക്കാലത്ത് മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയുടെ അടയാളങ്ങളായി പുനര്വായന ചെയ്യപ്പെട്ട സംഭാഷണങ്ങളൊന്നും താന് ബോധപൂര്വ്വം ചെയ്തതല്ലെന്നും പറയുന്നു രണ്ജി പണിക്കര്.

"അതെഴുതിയത് സ്ത്രീകളെ ചെറുതാക്കി കാണിക്കണമെന്ന ആഗ്രഹത്തോടെയൊന്നുമല്ല. എന്റെ ചിന്ത ഒരിക്കലും അത്തരത്തില് പോയിട്ടില്ല. അത് ആ കഥയുടെയും കഥാപാത്രങ്ങളുടെയും സ്വാഭാവികതയില് നിന്ന് വന്നതാണ്. ലിംഗം, ജാതി, വര്ണം, മതവിശ്വാസം എന്നിവയില് അധിഷ്ഠിതമായ അത്തരം സംഭാഷണങ്ങള് ഞാന് എഴുതാന് പാടില്ലാത്തതായിരുന്നു. അണ്ടന്, അടകോടന്, ചെമ്മാന്, ചെരുപ്പുകുത്തി എന്നീ വാക്കുകളൊക്കെ ഞാന് മുന്പ് സിനിമകളില് ഉപയോഗിച്ചിട്ടുണ്ട്. അത്തരം വാക്കുകളൊക്കെ എത്രത്തോളം അവഹേളനപരമാണെന്ന് അന്നെനിക്ക് അറിവില്ലായിരുന്നു. ഗൗരവതരമായ സിനിമാനിരൂപണം വന്നതിനുശേഷം മാത്രമാണ് അത്തരം സംഭാഷണങ്ങള് എഴുതാന് പാടില്ലായിരുന്നെന്ന ബോധ്യം എനിക്കുണ്ടായത്", രണ്ജി പണിക്കര് പറയുന്നു. അത്തരത്തില് എഴുതിയ ഓരോ വാക്കുകളിലും തനിക്കിന്ന് കുറ്റബോധമുണ്ടെന്നും എന്നാല് തന്റെ സിനിമകള് മൊത്തത്തില് പരിഗണിച്ചാല് മനുഷ്യത്വത്തിലാണ് അവയുടെ ഫോക്കസ് എന്നത് മനസിലാവുമെന്നും പറയുന്നു രണ്ജി പണിക്കര്.
