ഭയം ഭക്തി ബഹുമാനം എന്നാണ് സിനിമയുടെ പൂർണ പേര്.
ചില സിനിമകൾ അങ്ങനെയാണ്, പ്രഖ്യാപനം മുതൽ തന്നെ ഏറെ ശ്രദ്ധനേടും. അതിലെ നായകന്മാർ സംവിധായകർ ഒക്കെയാകാം അതിന് പ്രധാന കാരണം. ചിലപ്പോൾ പേരിലെ കൗതുകം കൊണ്ടും പടങ്ങൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു സിനിമയാണ് 'ഭ.ഭ.ബ'. പേരിലെ കൗതുകത്തിന് പുറമെ സിനിമയുടെ താരനിരയാണ് പ്രേക്ഷകരുടെ കണ്ണിൽ ഉടക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം. ഒരിടവേളയ്ക്ക് ശേഷം ദിലീപിനൊപ്പം മോഹൻലാൽ അഭിനയിക്കുന്നു എന്നതാണ് അത്.
മോഹൻലാൽ- ദിലീപ് കോമ്പോ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും പല നടന്മാരും ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. അത്തരമൊരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടൻ ബൈജു സന്തോഷ് നൽകിയൊരു അഭിമുഖമാണിത്. ഇതിൽ ഭ.ഭ.ബയെ കുറിച്ച്, "അതൊരു വലിയ പടമാണ്. ഞാൻ ദിലീപിനോട് പറഞ്ഞു പ്രിൻസ് ആൻഡ് ഫാമിലി ഒരു വലിയ വെടിക്കെട്ടിന് മുമ്പുള്ള ചെറിയ സാമ്പിൾ മാത്രമാണ്. ലാലേട്ടൻ ഭ.ഭ.ബയിൽ ഗസ്റ്റ് റോളിലാണ് വരുന്നത്", എന്നാണ് ബൈജു പറഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഭ.ഭ.ബയിൽ മോഹൻലാലിന്റെ പ്രതിഫലം 12 കോടിയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പതിനെട്ട് ദിവസത്തെ ഷൂട്ടാകും മോഹൻലാലിന് ഉണ്ടാകുക എന്നും പറയപ്പെടുന്നുണ്ട്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് ജൂലൈ 4ന് വരുമെന്ന് അടുത്തിടെ ദിലീപ് അറിയിച്ചിരുന്നു.
ഭയം ഭക്തി ബഹുമാനം എന്നാണ് സിനിമയുടെ പൂർണ പേര്. താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും തിരക്കഥ രചിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ഭ.ഭ.ബ നിർമിക്കുന്നത് ഗോകുലം മൂവീസാണ്.



