'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ പാട്ടിനെതിരെ ഉയര്‍ന്ന വിവാദം വേദനിപ്പിക്കുന്നതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. പ്രവാചക നിന്ദ എന്ന വാദം തെറ്റാണെന്ന് ഒമര്‍ ലുലു ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പ്രതികരിച്ചു. ഇതിനെ നിയമപരമായി നേരിടുമെന്നും ഒമര്‍ ലുലു പറഞ്ഞു. പാട്ടിനു വലിയ സ്വീകാര്യത കിട്ടിയ സമയത്ത് വന്ന കേസ് വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. ഹൈദരാബാദ് ഫലഖ്‌നമ പൊലീസ് ആണ് 295 എ വകുപ്പ് അനുസരിച്ച് കേസ് എടുത്തത്. ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് പാട്ട് പ്രവാചക നിന്ദയാണെന്നാരോപിച്ചു പരാതി നല്‍കിയത്.

പാട്ടിലെ വരികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലാണെന്നും വരികളെ നിന്ദിക്കുന്ന വിധത്തിലായെന്നും പരാതിയില്‍ പറയുന്നു. ഫേസ്ബുക്ക് ലൈവില്‍ വന്ന അദ്‌നാന്‍ പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജമയും പങ്കുവെച്ചിരുന്നു. പാട്ട് ഒരുക്കിയവര്‍ക്കെതിരെയാണ് പരാതിയെന്നും നായികക്കെതിരല്ലെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സാമൂഹമാധ്യമങ്ങളില്‍ പരാതി നല്‍കിയ യുവാക്കള്‍ക്കെതിരെ നിരവധിപേരാണ് രംഗത്ത് വന്നത്. പ്രശസ്തി നേടാനുള്ള ശ്രമമാണ് ഇവരുടേതെന്നും പരാതിപ്പെടാന്‍ മാത്രം പാട്ടില്‍ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.