ചെന്നൈ: രജനീകാന്തിന്‍റെ മകള്‍ വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു‍. സംവിധായികയായ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാം കുമാറും കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് വാര്‍ത്തകള്‍ വന്നത്. ഇത് സ്ഥിരീകരിച്ച് സൗന്ദര്യ തന്നെ രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ ഇവരുടെ വിവാഹമോചനത്തിന്‍റെ അടിസ്ഥാനം എന്താണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സൗന്ദര്യയും അശ്വിനും തമ്മില്‍ തീരുമാനിച്ചാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധത്തിലുള്ള താല്‍പ്പര്യം നശിച്ചതും, തങ്ങളുടെതായ തിരക്കുകളില്‍ ഇരുവരും പെട്ടുപോയതും പിരിയാന്‍ ഇരുവരെയും പ്രേരിപ്പിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്‌നത്തിലായിരുന്നു എന്നും രജനീകാന്ത് ഇടപ്പെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരുന്നു എന്നും പറയുന്നു. നാല് വര്‍ഷത്തോളം പ്രേമിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.

2010ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും ഒരുവയസുള്ള മകനുണ്ട്. ഗ്രാഫിക്ക് ഡിസൈനറായിരുന്ന സൗന്ദര്യ രജനിയെ നായകനാക്കി കൊച്ചടൈയാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.