ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1ന്‍റെ പ്രിവ്യൂ ഷോയുടെ റിവ്യുകള്‍.
സൗത്ത് ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. സൈലന്റായി എത്തി സൂപ്പർ ഹിറ്റായി മാറിയ കാന്താരയുടെ പ്രിക്വൽ എന്നത് തന്നെയാണ് അതിന് കാരണം. കന്നഡ കൾചറുമായി ബന്ധപ്പെടുത്തി ഋഷഭ് ഷെട്ടി അണിയിച്ചൊരുക്കുന്ന ചിത്രം നാളെ അതായത് ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തും. എന്ത് വിസ്മയമാകും ഋഷഭ് സിനിമയിൽ കാഴ്വച്ചിരിക്കുന്നതെന്നറിയാൻ മലയാളികൾ അടക്കമുള്ള സിനിമാസ്വാദകർ കാത്തിരിക്കുകയാണ്. റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കാന്താര ചാപ്റ്റർ 1 പ്രിവ്യൂ ഷോയുടെ റിവ്യു പുറത്തുവരികയാണ്.
കാന്താര ചാപ്റ്റർ 1 പ്രതീക്ഷ കാത്തുവെന്നാണ് ട്വിറ്റർ റിവ്യുകളിൽ നിന്നും വ്യക്തമാകുന്നത്. ആദ്യ ഭാഗത്തിലേത് പോലെ തന്നെ ക്ലൈമാക്സിൽ വൻ ദൃശ്യവിരുന്നും എക്സ്പീരിയൻസുമാകും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് റിവ്യുകളിൽ നിന്നും ലഭിക്കുന്ന സൂചന. ബ്ലോക് ബസ്റ്റർ ചിത്രമാകും കാന്താര പ്രിക്വലെന്നും ഋഷഭ് ഷെട്ടിയുടെ അത്യുഗ്രൻ പ്രകടന മികവാണ് ചിത്രത്തിലുള്ളതെന്നും ഇവർ പറയുന്നുണ്ട്.
"പീക്ക് സിനിമാറ്റിക് എക്സ്പീരിയൻസാണ് കാന്താര ചാപ്റ്റർ 1. പ്രത്യേകിച്ച് സെക്കന്റ് ഹാഫിൽ ഋഷഭ് ഷെട്ടിയുടെ അഴിഞ്ഞാട്ടമാണ്. സ്കോർ 4.5/5", എന്നാണ് ഒരാളുടെ പോസ്റ്റ്. "ഋഷ് ഷെട്ടി വീണ്ടും സ്ക്രീനിൽ ആറാടി. ചിത്രം വിനോദം മാത്രമല്ല, അത് പ്രേക്ഷക മനസിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങും. ഗുസ്ബംപ്സ് മൊമന്റുകൾ ധാരാളം. 10 മിനിറ്റ് ക്ലൈമാക്സ് പ്രേക്ഷകനെ അത്ഭുതപ്പെടുത്തും", എന്നാണ് മറ്റൊരളുടെ റിവ്യു.
ആദ്യ ഫ്രെയിം മുതൽ അവസാനം വരെ, ദൃശ്യവിസ്മയങ്ങളാൽ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും ഇവർ പറയുന്നു. ആകെമൊത്തത്തിൽ വളരെ പോസിറ്റീവ് ആയ പ്രതികരണമാണ് കാന്താര ചാപ്റ്റർ 1 പ്രിവ്യൂ ഷോകളിൽ ലഭിച്ചത്.
രുക്മണി വസന്ത് നായികയായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് കാന്താര ചാപ്റ്റർ 1 റിലീസ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.



