ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രക തള്ളിയതില്‍ സന്തോഷം പ്രകടിപ്പിച്ച് സിനിമയിലെ എതിര്‍വിഭാഗം. വിശാലിന്റെ പത്രിക തള്ളിയതിന് പിന്നാലെ ആദ്യം വിമര്‍ശനുമായി എത്തിയത് നടി രാധിക ശരത്കുമാറാണ്. ചില ഓന്തുകളുടെ യഥാര്‍ത്ഥ നിറം കാണാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്ന് രാധിക ശരത്കുമാര്‍ ട്വീറ്റ് ചെയ്തു.

അഴിമതി വിരുദ്ധത പറയുകയും ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് പറയുന്നവരുടേയും നാമനിര്‍ദ്ദേശ പത്രിക വ്യാജ ഒപ്പിന്റെ പേരില്‍ തള്ളിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൈയടിക്കുന്നതിന്റെ സ്‌മൈലിയും രാധിക ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ വിശാലിന്റെ എതിരാളിയായിരുന്നു രാധികയുടെ ഭര്‍ത്താവും നടിയുമായ ശരത്കുമാര്‍.

സംവിധായകന്‍ ചേരനും വിശാലിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. വിശാലിന്‍റെ ലക്ഷ്യം പ്രശസ്തിയാണെന്നും അദ്ദേഹത്തിന്റെ തിടുക്കവും അനുഭവസമ്പത്തിന്‍റെ കുറവുമാണ് തിരിച്ചടി നേരിടാന്‍ കാരണമെന്നും ചേരന്‍ പറഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്നും ചേരന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള വിശാലിന്‍റെ തീരുമാനം, സംഘടനയും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ചേരന്‍ കൂട്ടിച്ചേര്‍ത്തു. 

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള വിശാലിന്റെ നീക്കത്തെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ടി.എസ് രാജേന്ദറും രംഗത്ത് വന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള അനുഭവസമ്പത്ത് വിശാലിനില്ലെന്ന് രാജേന്ദര്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് വേണ്ടി വിശാല്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാജേന്ദര്‍ പറഞ്ഞു.