ടൈറ്റാനിക് സിനിമ ഇറങ്ങി 20 വർഷം പൂർത്തിയാകുമ്പോള്‍ നായകൻ ജാക്കിന്‍റെ മരണത്തെക്കുറിച്ച് വാചാലനാവുകയാണ് സംവിധായകൻ ജെയിംസ് കാമറോൺ. ജാക്കിന്‍റെ മരണം തന്നെയാണ് സിനിമയുടെ വിജയത്തിന് ഒരു പ്രധാന കാരണമെന്നാണ് സംവിധായകന്‍റെ വാദം

ടൈറ്റാനിക്, ജാക്കും റോസും അവരുടെ ആഴമുള്ള പ്രണയവും അത്രമേൽ സുന്ദരമായി ആവിഷ്ക്കരിച്ച സിനിമ.1997 ൽ ജയിംസ് കാമറോൺ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച വിസ്മയ ചിത്രം പ്രണയത്തിന്‍റെ തീവ്രത കൊണ്ട് മാത്രമല്ല വിരഹത്തിന്‍റെ കാഠിന്യം കൊണ്ടുകൂടിയാണ് പ്രേക്ഷകമനസിൽ ഇടം നേടിയത്.
ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‍ലെറ്റും 20 വർഷങ്ങൾക്കിപ്പുറവും അനശ്വര പ്രണയജോഡികളായി സിനിമാ പ്രേമികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.

കപ്പൽ മുങ്ങിയപ്പോൾ കരയിൽ തന്‍റെ പ്രണയം ബാക്കി വച്ച് മരവിച്ച തണുപ്പിലേക്ക് ജാക്ക് എന്തിനുപോയി എന്ന ചോദ്യം കാലങ്ങളായി സിനിമാപ്രേമികൾ ചോദിക്കുകയാണ്.ചിത്രമിറങ്ങി വർഷങ്ങൾക്കു ശേഷം സംവിധായകൻ അതിന് ഉത്തരം നൽകുന്നു.ടൈറ്റാനിക് സിനിമ ഇറങ്ങി 20 വർഷം പൂർത്തിയായതിന്‍റെ ആഘോഷ പരിപാടികൾക്കിടെ വാനിറ്റി ഫെയർ മാഗസിൻ ഈ ചോദ്യം ക്യമറോണിനോട് ചോദിച്ചു.

സംഗതി സിംപിൾ എന്നായിരുന്നു ക്യാമറോണിന്‍റെ മറുപടി.സിനിമയുടെ തിരക്കഥയുടെ 147 ആം പേജിൽ ജാക്ക് മരിക്കുകയാണ്. അതുകൊണ്ടാണ് ചിത്രത്തിലും മരണം സംഭവിച്ചത്.കലാപരമായ ഒരു തെരഞ്ഞെടുപ്പായിരുന്നു ആ മരണം എന്ന് സംവിധായകൻ .സിനിമ കാണുന്ന ഓരോരുത്തർക്കും ജാക്ക് അത്രമേൽ പ്രിയപ്പെട്ടവനാണ്.ഒരു നായകനോട് ഉള്ളതിലേക്കാൾ സ്നേഹം അവനോട് തോന്നും.

അതുകൊണ്ട് തന്നെ ജാക്കിന്‍റെ മരണം അത്രമേൽ വേദനയുളവാക്കുന്നതാണ്.ജാക്ക് ജീവിച്ചിരുന്നുവെങ്കിൽ സിനിമ അർത്ഥശൂന്യമാകുമായിരുന്നുവെന്നും ക്യാമറോൺ പറയുന്നു.പ്രണയത്തിനുമപ്പുറം മരണത്തേയും വേർപിരിയലിനെക്കുറിച്ചുമുള്ളതാണ് ടൈറ്റാനിക് സിനിമ എന്ന് സംവിധായകൻ കൂട്ടിച്ചേർക്കുന്നു. അത്തരത്തിൽ കലാപരമായൊരു മരണത്തിനാണ് ജാക്ക് കീഴടങ്ങിയത്.