ചെന്നൈ: പാട്ടിന് റോയല്‍റ്റി തേടി നോട്ടീസയച്ചത് ഗായകരായ കെ എസ് ചിത്രയ്‌ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനുമല്ല, പരിപാടിയുടെ നടത്തിപ്പുകാര്‍ക്കാണെന്ന് സംഗീത സംവിധായകന്‍ ഇളയരാജയുടെ അഭിഭാഷകന്‍. ചെറുപരിപാടികള്‍ക്ക് പണം ഈടാക്കാറില്ലെന്നും കോടികള്‍ വരുമാനമുണ്ടാക്കുന്ന വന്‍ സംഗീതപരിപാടികള്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കാറുള്ളതെന്നും അഭിഭാഷകനായ ഇ പ്രദീപ്കുമാര്‍ വ്യക്തമാക്കി.
പാട്ടിന്റെ റോയല്‍റ്റി ശേഖരിച്ച് വിതരണം ചെയ്യുന്ന സൊസൈറ്റികള്‍ ലാഭേച്ഛയോടെയാണ പ്രവര്‍ത്തിയ്‌ക്കുന്നതെന്നും പ്രദീപ്കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യേശുദാസിന്റെ തരംഗിണി വിവാദത്തിന് ശേഷം പാട്ടിന്റെ പകര്‍പ്പവകാശത്തെക്കുറിച്ചുള്ള വിവാദം വീണ്ടും സജീവമാകുമ്പോഴാണ് വിശദീകരണവുമായി ഇളയരാജയുടെ അഭിഭാഷകന്‍ രംഗത്തെത്തിയത്.
2015 ല്‍ ഗാനങ്ങളുടെ സംഗീതത്തിന്റെയും ഓര്‍ക്കസ്‍ട്രേഷന്റെയും പകര്‍പ്പവകാശം ഇളയരാജയ്‌ക്കുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. എ ആര്‍ റഹ്മാനുള്‍പ്പടെയുള്ള സംഗീത സംവിധായകര്‍ സോണി മ്യൂസികിന്റെ സഹായത്തോടെ സ്വന്തം ഗാനങ്ങള്‍ക്കുള്ള പകര്‍പ്പവകാശം ഉറപ്പാക്കുന്നുണ്ട്. പാട്ടിന്റെ റോയല്‍റ്റി ശേഖരിച്ച് വിതരണം ചെയ്യുന്ന ഐപിആര്‍എസ് പോലുള്ള സൊസൈറ്റികളുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും പ്രദീപ് ആരോപിച്ചു. ഈ വിവാദത്തിന്‍റെ പേരില്‍ ഇളയരാജയുടെയും എസ്‌പിബിയുടെയും ബന്ധം മോശമായെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും പ്രദീപ് വ്യക്തമാക്കുന്നു.
