Asianet News MalayalamAsianet News Malayalam

വില്ലനിൽ നിന്നും നായകനിലേക്ക്... സാബുമോന്‍ ഇനി ബിഗ്ബോസ്

ബി​ഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരുഘട്ടത്തിൽ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുൻപോട്ട് പോകും തോറും പ്രക്ഷകർ കണ്ടത്. സൗ​ഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കൽപിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന, തന്നെ ചൊറിയാൻ അതിശക്തമായി ചൊറിയുന്ന സാബു പതുക്കെ പതുക്കെ ബി​ഗ്ബോസിലെ സർവ്വവ്യാപിയായി മാറി. 

sabumon bigg boss title winner
Author
Mumbai, First Published Sep 30, 2018, 11:56 PM IST

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ വേറിട്ട ദൃശ്യാനുഭവമായി മാറിയ ബിഗ് ബോസ് മലയാളം സീസണ്‍ വണിന്‍റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനം സാബു മോന്‍ അബ്ദുസമദ് സ്വന്തമാക്കുമ്പോൾ അത് പ്രേക്ഷകർക്കും ഒരു ട്വിസ്റ്റായി മാറുകയാണ്. ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബി​ഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബി​ഗ് ബോസ്. മലയാളത്തിലേക്ക് ഈ ഷോ വന്നപ്പോൾ വലിയ തരത്തിലുള്ള വിമർശനങ്ങൾ തുടക്കം തൊട്ടേ ഉണ്ടായെങ്കിലും മികച്ച പ്രേക്ഷകപിന്തുണയോടെയാണ് ഷോ അവസാനിക്കുന്നത്. ഷോ തുടങ്ങുമ്പോൾ‌ ഉണ്ടായിരുന്ന പതിനാറ് പേരും ഇടയ്ക്ക് വന്ന രണ്ട് പേരുമടക്കം പതിനെട്ട് പേർ മാറ്റുരച്ച ബി​ഗ് ബോസ് ഷോയിൽ നൂറ് ദിവസവും വീടിനെ സജീവമാക്കി നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് ഒടുവിൽ ജേതാവായി മാറിയ സാബു മോൻ അബ്ദുസമദ്. തന്നെ വെറുത്തവരെ ഇഷ്ടം പോലും പിടിച്ചു പറ്റിയതാണ് ബി​ഗ് ബോസ് കിരീടം നേടുന്നതിൽ സാബുവിന് നിർണായകമായത്. 

പുറത്തുണ്ടായ പലതരം രാഷ്ട്രീയ വിവാദങ്ങളുടെ പേരിൽ സാബുമോനെ ബി​ഗ് ബോസിൽ പങ്കെടുപ്പിച്ചതിന് തുടക്കത്തിൽ അതിശക്തമായ വിമർശനമാണ് പരിപാടിയ്ക്കും ചാനലിനും നേരെ ഉണ്ടായത്. എന്നാൽ ഷോ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഇത്തരം വിവാദങ്ങൾ കെട്ടടങ്ങി തുടങ്ങി. ​ഗെയിമിൽ പങ്കെടുത്ത പതിനെട്ട് പേരും പലരീതിയിലാണ് മുന്നോട്ട് പോയതെങ്കിലും ഇവരിൽ ഏറ്റവും കൂൾ ആയി ​നിന്നയാൾ സാബു മോനായിരുന്നു. ബി​ഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരുഘട്ടത്തിൽ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുൻപോട്ട് പോകും തോറും പ്രക്ഷകർ കണ്ടത്. സൗ​ഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കൽപിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന, തന്നെ ചൊറിയാൻ അതിശക്തമായി ചൊറിയുന്ന സാബു പതുക്കെ പതുക്കെ ബി​ഗ്ബോസിലെ സർവ്വവ്യാപിയായി മാറി. 

മത്സരത്തിന്റെ ആദ്യ​ഘട്ടത്തിൽ രഞ്ജിനി ഹരിദാസ്-ശ്വേത മേനോൻ ശ്രീലക്ഷമി സഖ്യത്തെ നേർക്കു നേർ നേരിട്ട സാബു പിന്നീട്ട് ജനപ്രിയ മത്സരാർത്ഥിയായ പേളിയുമായും ഹിമയുമായും ഷിയാസുമായും നിരന്തരം  ഏറ്റുമുട്ടി. ഭയമില്ലാതെ കാര്യങ്ങൾ നേരിടുന്നതിനൊപ്പം സാഹചര്യങ്ങളെ മുൻകൂട്ടി കാണാനും  അതിനൊത്ത് തീരുമാനങ്ങളെടുക്കാനും സാബു വിദ​ഗ്ദ്ധനായിരുന്നു. ബി​ഗ് ബോസിലെ ഒരോ വ്യക്തികളേയും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചതുമായിരുന്നു സാബുവിന്റെ പ്രധാന കരുത്ത്. അതേസമയം ഒരിക്കൽ ഇട‍ഞ്ഞവരോടൊക്കെ പിന്നീട് അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാൻ സാബുവിനായി എന്നത് മറ്റൊരു കാര്യം. തുടക്കത്തിൽ സാബുവിനെ നേർക്കുനേർ നിന്നു നേരിട്ട പേളിയും രഞ്ജിനി ഹരിദാസും അർച്ചനയും സാബുവിന്റെ അടുത്ത മിത്രങ്ങളായാണ് ഷോയിൽ നിന്നും പുറത്തു പോകുന്നത്. 

നൂറ് ദിവസം പിന്നിടുന്ന ഷോയുടെ അവസാന എപ്പിസോഡ‍ുകളിൽ മൊത്തം കുടുംബത്തേയും ഒന്നിച്ചു കൊണ്ടു പോകുന്ന ഒരു വല്ല്യേട്ടന്റെ സ്ഥാനമായിരുന്ന സാബുവിന്. ഷോ തുടങ്ങിയ ശേഷമുള്ള പതിമൂന്ന് ആഴ്ച്ചകളിലും വോട്ടിം​ഗിൽ പിന്നിൽ‌ നിന്ന പേളിയെ ഫൈനലിൽ മറികടക്കുന്നതിൽഅവസാന എപ്പിസോഡിലെ പ്രകടനം സാബുവിന് തുണയായി എന്നു വേണമെങ്കിൽ കരുതാം. ബി​ഗ് ബോസിൽ നിന്നും പുറത്തു പോയ മത്സരാർത്ഥികളിൽ ഹിമ ഒഴികെ ബാക്കി എല്ലാവരും സാബു ആവണം ബി​ഗ് ബോസ് വിന്നർ എന്നു പറഞ്ഞതും വ്യക്തിപരമായി സാബുവിനുള്ള അം​ഗീകാരമാണ്. ബിഗ് ബോസിലെ നൂറ് ദിവസങ്ങൾ അയാളോളം ആഘോഷിച്ച മറ്റൊരാളുണ്ടാകില്ല. 

ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച  മത്സരാർഥികളിൽ ഒരാളാണ് സാബു എന്നാണ് ആരാധകരുടെ അഭിപ്രായം. സാബുവില്ലായിരുന്നെങ്കിൽ ബിഗ് ബോസ് ഷോ തന്നെ വിരസമായിപ്പോയേനെ എന്ന് കരുതുന്നുണ്ട് പലരും. അതിൽ കുറച്ചൊക്കെ കാര്യമില്ലാതെയുമില്ല. വളരെ എന്റർടൈനർ അയൊരാളാണ് സാബു. ആസ്വദിച്ച് കളിക്കുക മാത്രമല്ല, മറ്റുള്ളവരെ അതിന്റെ ഭാഗമാക്കുക കൂടിയാണ് സാബു. ആരുമായി പ്രശ്നമുണ്ടാക്കിയാലും പിന്നീട് സാബു തന്നെ അതെല്ലാം അവസാനിപ്പിക്കുന്ന കാഴ്ചകളും ബിഗ് ബോസിൽ കണ്ടിട്ടുണ്ട്. ഈ കളിക്കുന്നതൊരു ഗെയിമാണെന്ന ബോധം സാബുവിനോളം ആ വീട്ടിൽ മറ്റാർക്കുമില്ല. സ്ത്രീവിരുദ്ധനും പുരുഷ മേധാവിയുമാണ് എന്നതാണ് സാബുവിനെതിരെയുള്ള മറ്റൊരാരോപണം. പക്ഷേ ബിഗ് ബോസിലെ പ്രധാന ഫെമിനിസ്റ്റ് ചിന്താഗതിക്കാരെല്ലാം എങ്ങനെയാണ് സാബുവിന്റെ അടുത്ത സുഹൃത്തുക്കളായി മാറുന്നതെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. ആ വീട്ടിലെ യഥാർത്ഥ ഫെമിനിസ്റ്റ് സാബുവാണെന്നാണ് പുറത്തെത്തിയ രഞ്ജിനി പറഞ്ഞത്.

ബി​ഗ് ബോസിന് പുറത്ത് രൂപം കൊണ്ട സാബു ആർമിയുടെ കരുത്തും കീരിടനേട്ടത്തിൽ സാബുവിന് തുണയായി. പേളി ആർമിയെ ഡിഫെന്റ് ചെയ്യുക എന്നതായിരുന്നു മിക്കപ്പോഴും സാബു ആർമിയുടെ ഒന്നാമത്തെ ടാസ്ക്. അവസാനഘട്ടത്തിൽ ഷിയാസിന്റെ ആരാധകരോടും അവർ നേർക്കു നേരെ മുട്ടി. ബി​ഗ് ബോസിന്റെ ആദ്യം മുതൽ അവസാനം വരെ സാബു-പേളി ആരാധകർ മത്സരത്തെ സജീവമാക്കി നിർത്തി. അവസാന വാരത്തിൽ നൂറു കണക്കിന് വാട്സാപ്പ് ​ഗ്രൂപ്പുകളിലുടേയും ഓഫീഷ്യൽ-അൺഓഫീഷ്യൽ ഫേസ്ബുക്ക് ​ഗ്രൂപ്പുകളിലൂടേയും പേർളി,ഷിയാസ്, സാബു ആരാധകർ തങ്ങളുടെ ഇഷ്ടതാരത്തിനായി വോട്ട് പിടിച്ചിരുന്നു. അത്യന്തം ആവേശം നിറഞ്ഞ ഈ പോരാട്ടത്തിൽ  അന്തിമവിജയം സാബു ആർമിയാണ് സ്വന്തമാക്കുന്നതിലും വൻതോതിലുള്ള വിമർശനങ്ങളുടെ നടുവിൽ ആരംഭിച്ച ബി​ഗ് ബോസിനെ ജനപ്രിയമാക്കുന്നതിൽ ഇവരുടെ പങ്ക് നിർണായകമായിരുന്നു. 

Follow Us:
Download App:
  • android
  • ios