ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഈ ആഴ്‌ച തിയറ്ററുകളിലെത്തുകയാണ്. സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തിയ ബാഹുബലിയുടെ ഒരു റെക്കോര്‍ഡ് തകര്‍ത്തിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ എന്ന റെക്കോര്‍ഡാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് സ്വന്തമാക്കിയിരിക്കുന്നത്. മെയ് 26ന് ഇന്ത്യയില്‍ മാത്രം ഏഴായിരത്തോളം സ്‌ക്രീനുകളിലാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് പ്രദര്‍ശനത്തിനെത്തുന്നത്. രാജമൗലി സംവിധാനം ചെയ്‌ത ബാഹുബലി 2 പ്രദര്‍ശനത്തിനെത്തിയത് 6500 സ്‌ക്രീനുകളിലാണ്.

വിഖ്യാത ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് നിര്‍മ്മിച്ചിരിക്കുന്നത് രവി ഭാഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ്. ഓസ്‌ക്കാര്‍ ജേതാവ് എ ആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കളിക്കളത്തിലും പുറത്തുമുള്ള സച്ചിന്റെ ജീവിതം വരച്ചുകാട്ടുന്ന സിനിമ എന്നതാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ മുഖ്യസവിശേഷത. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, മക്കളായ സാറ, അര്‍ജുന്‍, ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, വീരേന്ദ്ര സെവാഗ് എന്നിവരും ഈ സിനിമയില്‍ വരുന്നുണ്ട്.

സച്ചിന്റെ ജീവിതത്തെക്കുറിച്ച് ഇതുവരെ പലര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു എന്നതാണ് ഈ സിനിമയെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നത്. ഒരേസമയം ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രീകരിച്ച സിനിമ, തമിഴ്, തെലുങ് തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുമുണ്ട്.

ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്കായി സിനിമയുടെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പുറമെ അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി, കപില്‍ദേവ്, സുനില്‍ ഗാവസ്ക്കര്‍, സൗരവ് ഗാംഗുലി, ലതാ മങ്കേഷ്‌കര്‍ തുടങ്ങി ഒട്ടനവധി പ്രമുഖരും പ്രീമിയര്‍ ഷോ കാണാനെത്തിയിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യന്‍ ടീം അംഗങ്ങളും പ്രീമിയര്‍ ഷോ കാണാനെത്തിയിരുന്നു.