മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ വാനമ്പാടിയിലെ അനുമോളും മോഹനും മലയാളിക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ്. അനുമോളായി വേഷമിടുന്നത് ബാലതാരം ഗൗരി പ്രകാശും, മോഹനെന്ന കഥാപാത്രം ചെയ്യുന്നത് തെലുങ്ക്താരം സായ് കിരണുമാണ്. തെലുങ്കില്‍ കുയിലമ്മ എന്ന പേരലുള്ള വാനമ്പാടിയില്‍ നിന്നാണ് സായ് കിരണ്‍ മലയാളത്തിലേക്കെത്തുന്നത്. മോഹന്‍ലാലിന്റെ ആരാധകന്‍ കൂടിയായ സായ്കിരണ്‍ കേരളമാണോ ആന്ധ്രയാണോ തറവാട് എന്നകാര്യംവരെ മറന്നുപോയെന്നാണ് ഈയടുത്ത് ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പരമ്പരയില്‍ മകളെ തേടിനടക്കുന്ന അച്ഛനാണ് മോഹന്‍, സ്വന്തം മകള്‍ അടുത്തുണ്ടായിട്ടും, ഒന്നും മനസ്സിലാക്കാതെ വര്‍ഷങ്ങളാണ് മോഹന്‍ നടന്നത്. എന്നാല്‍ മോഹന്‍ അനുമോളാണ് തന്റെ മകളെന്ന് കണ്ടെത്തിയെന്നതാണ് ഇപ്പോള്‍ കഥയിലെ വഴിത്തിരിവ്. അതിനുപിന്നാലെയാണ് താരം അനുമോളുമെന്നിച്ചുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഇപ്പോള്‍ ഗൗരി പ്രകാശിനൊപ്പം കേരളത്തിലുണ്ട്, മീറ്റ് മിസ് അനുഗ്രഹ മോഹന്‍കുമാര്‍' എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഹാഷ് ടാഗായി 'മകള്‍ ഇഷ്ടം' എന്നുമാണ് ഇട്ടിരിക്കുന്നത്.

പരമ്പരയില്‍ മകളെ കണ്ടെത്തിയതിന് ആശംസകളും, പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നുവെന്നും മറ്റുമുള്ള കമന്റുകള്‍കൊണ്ട് ആരാധകര്‍ കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്.