ഫഹദ് ഫാസിലിന്‍റെ നായികയായി മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് സായ് പല്ലവി. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഭാഷണം രചിക്കുന്നത് ഈമയൗവിന്‍റെ തിരക്കഥാകാരന്‍ പി എഫ് മാത്യൂസ് ആണ്. സിനിമയുടെ ചിത്രീകരണം ഇതിനകം ഊട്ടിയില്‍ ആരംഭിച്ചു.

അല്‍ഫോന്‍സ് പുത്രന്‍റെ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ 'മലര്‍' എന്ന കഥാപാത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയ്ക്ക് ശേഷം ഒരു മലയാളചിത്രത്തിലേ സായ് പല്ലവി അഭിനയിച്ചിട്ടുള്ളൂ. 2016ല്‍ പുറത്തെത്തിയ സമീര്‍ താഹിര്‍ ചിത്രം കലിയിലായിരുന്നു അത്, ദുല്‍ഖറിനൊപ്പം. ഈ ഇടവേളയില്‍ തമിഴിലും തെലുങ്കിലുമായി അവര്‍ സിനിമകള്‍ ചെയ്തു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 

അതുല്‍ കുല്‍കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍. ഇനിയും പേരിട്ടിട്ടില്ല ചിത്രത്തിന്. ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മാരി-2വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സായ് പല്ലവി.