ഇതിനോടകം മൂന്ന് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട് സജീവ്.

ഇടുക്കി: പുരസ്‌ക്കാരവേദിയില്‍ മലയാള സിനിമ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ സജീവ് പാഴൂര്‍ അവാര്‍ഡ് പ്രഖ്യാപനമറിയാതെ മൂന്നാര്‍ ധോബിപ്പാലത്ത് പുതിയ കഥയുടെ പണിപ്പുരയിലായിരുന്നു. വാര്‍ത്തകളിലൂടെ അവാര്‍ഡ് പ്രഖ്യാപനം ആദ്യമറിഞ്ഞെങ്കിലും വിശ്വാസിക്കാനാവാതെ ഇരുന്ന സജീവിന് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഫോണ്‍ കോളുകളായിരുന്നു അവാര്‍ഡിന്റെ നിജസ്ഥിതി ഉറപ്പുവരുത്തിയത്. ദേശിയ അവാര്‍ഡ് ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലെന്ന് സജീവ് പാഴൂര്‍ പറഞ്ഞു.

മൂന്നാറിന്റെ കുളിരില്‍ പുതിയ തിരക്കഥയുടെ തിരക്കിലായിരുന്നു സജീവ് പാഴൂര്‍ എന്ന മലയാളത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥയുടെ തിരക്കിനിടെയാണ് 65-ാംമത് ദേശിയചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ തനിക്കുമൊരിടമുണ്ടെന്ന വാര്‍ത്ത സജീവ് ടെലിവിഷന്‍ ബ്രേക്കിംഗ് ന്യൂസിലൂടെ അറിയുന്നത്. സന്തോഷത്തിനപ്പുറം വിശ്വസിക്കാമോ ഇല്ലയോയെന്ന ശങ്കയില്‍ നില്‍ക്കുമ്പോള്‍ അഭിനന്ദനം അറിയിച്ചുള്ള സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ഫോണ്‍കോളുകള്‍ എത്തി. തനിക്കൊരിടമൊരുക്കിയ സംവിധായകന്‍ ദീലീഷ് പോത്തനും നടന്‍ ഫഹദ് ഫാസിലിനും ദേശീയ പുരസ്‌ക്കാരം ലഭിച്ചെന്നറിഞ്ഞതോടെ സന്തോഷം അതിരുവിട്ടു. 

ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലെന്ന് സജീവ് പാഴൂര്‍ പറഞ്ഞു. റിയലിസ്റ്റിക് രീതിയില്‍ ചിത്രീകരിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും തീയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ശേഷമാണ് 65 ാംമത് ദേശിയചലച്ചിത്ര പുരസ്‌ക്കാരവേദിയിലും നിറഞ്ഞു നില്‍ക്കുന്നത്. തിരക്കഥയ്ക്കും മുകളില്‍ ദിലീഷ് പോത്തനെന്ന സംവിധായകന്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും കാഴ്ച്ചവച്ച ആത്മാര്‍ത്ഥ നിറഞ്ഞ പ്രകടനമാണ് തന്റെ തിരക്കഥയെ ജീവസുറ്റതാക്കിമാറ്റിയതെന്നും സജീവ് പാഴൂര്‍ പറഞ്ഞു. 

ഇതിനോടകം മൂന്ന് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട് സജീവ്. ദൃക്‌സാക്ഷിയും തൊണ്ടിമുതലും തനിച്ച് സംവിധാനം ചെയ്യണമെന്ന് കരുതിയിരുന്നെങ്കിലും മഹേഷിന്റെ പ്രതികാരം കണ്ടയുടന്‍ തന്റെ തിരക്കഥയുടെ സംവിധായക കുപ്പായം ദിലീഷ് പോത്തനെയേല്‍പ്പിക്കാന്‍ സജീവ് തീരുമാനിക്കുകയായിരുന്നു. പുരസ്‌ക്കാരനിറവില്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഏറെ അകലെയാണെങ്കിലും പുതിയകഥയ്ക്ക് തല്‍ക്കാലം ഇടവേള നല്‍കി ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നും സജീവ് വ്യക്തമാക്കി.