ലൈംഗികാത്രികമത്തെ കുറിച്ച് ബോധവത്ക്കരിക്കുന്നനായുള്ള മി ടു കാമ്പയിന്റെ ഭാഗമായി സജിതാ മഠത്തിലും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും മോശം കമന്റുകള്‍ വരികയാണെന്നും സജിതാ മഠത്തില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സജിതാ മഠത്തിലിന്റെ പ്രതികരണം

സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകൾക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാൻ #Metoo കാമ്പയിനിങ്ങിൽ പങ്കെടുക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാൻ എന്റെ പേജിലും ചേർത്തു. പിന്നീട് ഒട്ടനവധി സ്തീകൾ അതേ പോസ്റ്റ് ഷെയർ ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾ പതിവുപോലെ കൂടുതൽ എരിവുകയറ്റി വാർത്തകൾ ചമഞ്ഞു. ഇപ്പോൾ എന്റെ പോസ്റ്റിെന്റ കമന്റുകളിൽ വലിയ പങ്കും "വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി "തുടങ്ങിയ ആക്രോശങ്ങളാണ്
"എന്തു പറ്റി "എന്ന സ്നേഹാന്വേഷണങ്ങൾ വെറെയും 'എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാൻ യോജിക്കുന്നതിനാലാണ് ഞാൻ അത് പോസ്റ്റിയത്.
ക്ഷമിക്കണം
എന്റെ പിഴ
ഡാൻസ് ക്ലാസ്സ് വിട്ടു വരുമ്പോൾ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സിൽ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയിൽ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ
ട്യൂഷ്യൻ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പൊലീസ് സ്റ്റേഷനിൽ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരൻ വാട്ട്സ്പ്പിലൂടെ എഴുതിയ അശ്ലീല വാക്കുകൾ എഴുതിയത്
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമർത്താൻ ശ്രമിച്ചത്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡിൽ പകൽ നടന്നു പോയ എന്നെ 'മദ്യപിച്ച ആൺകൂട്ടം കയറി പിടിച്ചതും ഞാൻ ഓടി രക്ഷപ്പെട്ടതും
എന്റെ പിഴ
ഇപ്പോൾ അവൾക്കൊപ്പം നിൽക്കുന്നതിന് നിങ്ങൾ ചൊരിയുന്ന ഈ തെറിയും ഭീഷണിയും
എന്റെ പിഴ