കൊച്ചി: വര്‍ഷത്തെ ഏറ്റവും രസകരമായ സംഭവങ്ങളെക്കുറിച്ചു പറയുകയായിരുന്നു സലീം കുമാര്‍. ഒരുപാടു രസകരമായ സംഭവങ്ങള്‍ 2016 ല്‍ ഉണ്ടായിരുന്നു. അതില്‍ തന്നെ ഏറ്റവും രസകരമായി തോന്നിയ സംഭവത്തെക്കുറിച്ചാണു സലീം കുമാര്‍ പറഞ്ഞത്.
ഞാന്‍ പലതവണ മരിച്ച വര്‍ഷമായിരുന്നു 2016. സോഷ്യല്‍ മീഡിയയില്‍ മരണവാര്‍ത്ത അതിവേഗം പ്രചരിക്കുകയും ചെയ്തു.ജീവിച്ചിരിക്കെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കാന്‍ കഴിയുന്ന എത്രപേരുണ്ടാകുമെന്നു സലീം കുമാര്‍ ചോദിക്കുന്നു. മരണവാര്‍ത്ത അറിഞ്ഞു പലരും വിളിച്ചു. അന്വേഷിച്ചു വന്നു.
നാട്ടിലടക്കം ആ വാര്‍ത്തയ്ക്കു പ്രചാരം നല്‍കിയ അഞ്ചാറുപേരുടെ മരണാനന്തര ചടങ്ങില്‍ താന്‍ പങ്കെടുത്തു എന്നും താരം പറയുന്നു. ജീവിതം ഇത്രയുമേയുള്ളു എന്നു ബോധ്യപ്പെട്ടു. എല്ലാവരേയും പോലെ താനും പുതുവര്‍ഷ പ്രതിഞ്ജകളെടുക്കാറുണ്ട്. എന്നാല്‍ അതൊന്നും നടപ്പിലാക്കാറില്ലെന്നു മാത്രം.
ആരാഭംശൂരത്വം കഴിഞ്ഞാല്‍ പിന്നെ അക്കാര്യം പോലും ഓര്‍മ്മയില്‍ വരാറില്ലെന്നും സലീം കുമാര്‍ പറഞ്ഞു. തീരുമാനം എടുക്കാന്‍ പുതുവര്‍ഷം നോക്കി നില്‍ക്കേണ്ടതുണ്ടോയെന്നും താരം ചോദിക്കുന്നു. തീരുമാനങ്ങളെടുത്തു സ്വയം വഞ്ചിക്കാത്ത പുതുവര്‍ഷമാകട്ടെയെന്നും സലീം കുമാര്‍ ആശംസിക്കുന്നു.
