കൊച്ചി: ധര്‍മ്മജന്‍ ബോല്‍ഗാട്ടിക്ക് പിന്നാലെ മത്സ്യവില്‍പ്പനയുമായി ശ്രീനിവാസനും. കൊച്ചി കണ്ടനാടുള്ള ശ്രീനിവാസന്റെ വീടിന് സമീപമാണ് 'ഉദയശ്രീ ഫിഷ് ഹബ്' എന്ന പേരില്‍ ശ്രീനിവാസന്‍ മത്സ്യ ഷോപ്പ് തുടങ്ങിയിരിക്കുന്നത്. വില്‍പനശാലയുടെ ഉദ്ഘാടനം സലിംകുമാര്‍ ഇന്ന് രാവിലെ നിര്‍വ്വഹിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ജൈവകൃഷിയുടെ പ്രചാരകന്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് ശ്രീനിവാസന്‍. കൊച്ചിക്കാര്‍ക്ക് വിഷം തളിക്കാത്ത മീന്‍ ലഭ്യമാക്കുക എന്നതാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീനി മാധ്യമങ്ങളോട് പറഞ്ഞു. 'ഹൈദരാബാദില്‍ നിന്നൊക്കെ കരിമീന്‍ കേരളത്തിലേക്ക് എത്തുകയാണ് ഇപ്പോള്‍. അത് വളരെ വിചിത്രമായിട്ടുള്ള സംഗതിയാണ്. കേരളം ശരിക്കും കരിമീനിന്റെ ഒരു സ്ഥലമാണെന്നാണ് പറയുന്നത്. രാസവസ്തുക്കള്‍ ചേര്‍ത്താണ് അത് ഇവിടംവരെ എത്തുന്നത്', ശ്രീനിവാസന്‍ പറയുന്നു.

കണ്ടനാടും പരിസരപ്രദേശങ്ങളിലുമുള്ള മീന്‍ കര്‍ഷകരില്‍ നിന്നാവും മത്സ്യം സംഭവിക്കുക. കടല്‍, കായല്‍ മത്സ്യങ്ങള്‍ വില്‍പനയ്ക്ക് ഉണ്ടാവും. ഇടനിലക്കാരില്ലാതെ മീന്‍ നേരിട്ടെത്തിക്കുമ്പോള്‍ കര്‍ഷകനും അര്‍ഹമായ ലാഭം കിട്ടുമെന്ന് ശ്രീനിവാസന്‍.