പ്രശ്നം തീര്‍ക്കാന്‍ ഇടപെട്ട ധനകാര്യ മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പോസ്റ്റില്‍ സാമുവല്‍ നന്ദി പറയുന്നുണ്ട്.

തിരുവനന്തപുരം: 'സുഡാനി ഫ്രം നൈജീരിയ' ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് നടന്‍ സാമുവല്‍ റോബിന്‍സണ്‍. നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അതിനെ തുടര്‍ന്ന് തനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചുവെന്നും കാണിച്ച് സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കില്‍ പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചു. നേരത്തെ ഫേസ്ബുക്കില്‍ എഴുതിയിരുന്നന്ന എല്ലാ പോസ്റ്റുകളും അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

പ്രശ്നം തീര്‍ക്കാന്‍ ഇടപെട്ട ധനകാര്യ മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പോസ്റ്റില്‍ സാമുവല്‍ നന്ദി പറയുന്നുണ്ട്. താന്‍ നേരത്തെ പറഞ്ഞ വാക്കുകള്‍ ഏതെങ്കിലും മലയാളിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. തീരെ വര്‍ണ്ണവിവേചനമില്ലാത്തതും ഒരു ആഫ്രിക്കക്കാരനോട് ഏറ്റവും സൗഹാര്‍ദ്ദപരമായി ഇടപെടുകയും ചെയ്യുന്ന സ്ഥലമാണ് കേരളം. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും സാമുവല്‍ റോബിന്‍സണ്‍ പറഞ്ഞു.

സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ഒരാഴ്ചയോളം കഴിഞ്ഞ ശേഷം സ്വദേശത്തേക്ക് തിരിച്ചുപോയിട്ടായിരുന്നു സാമുവല്‍ റോബിന്‍സണ്‍ ഏറെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. താന്‍ വര്‍ണ്ണവിവേചനത്തിന്റെ ഇരയാണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് അത് തിരുത്തി. ചെറിയ ബജറ്റിലുള്ള ചിത്രമാണെന്ന് കരുതിയാണ് താന്‍ കുറഞ്ഞ തുകയുടെ കരാര്‍ അംഗീകരിച്ച് അഭിനയിക്കാനെത്തിയതെന്നും എന്നാല്‍ ഇവിടെ വന്നപ്പോഴാണ് പുതുമുഖ നടന്മാര്‍ക്ക് പോലും നല്‍കുന്ന പ്രതിഫലം തനിക്ക് കിട്ടുന്നില്ലെന്ന് അറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ ഭാഗം ന്യായീകരിച്ച് സാമുവല്‍ ഫേസ്ബുക്കില്‍ വീഡിയോയും അപ്‍ലോഡ് ചെയ്തു. എന്നാല്‍ സാമുവലുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള തുക നല്‍കിയിരുന്നു എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളും രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് തനിക്ക് 1,80,000 രൂപമാത്രമാണ് കിട്ടിയതെന്ന് പറഞ്ഞ് സാമുവല്‍ വീണ്ടും പോസ്റ്റിട്ടു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സാമുവലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരിച്ചത്. 

ധനകാര്യമന്ത്രി തോമസ് ഐസക്ക്, വി.ടി.ബലറാം എംഎല്‍എ എന്നിവരും സാമുവലിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തോമസ് ഐസക്കിന്റെ പോസ്റ്റ് സാമുവല്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിലില്ല. പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചെന്ന വിശദീകരണം മാത്രമാണുള്ളത്.