Asianet News MalayalamAsianet News Malayalam

തനിക്ക് കിട്ടിയ പ്രതിഫലം വെളിപ്പെടുത്തി സാമുവല്‍ റോബിന്‍സണ്‍ - വീഡിയോ

  • തനിക്ക് കിട്ടിയ പ്രതിഫലം വെളിപ്പെടുത്തി സാമുവല്‍ റോബിന്‍സണ്‍ - വീഡിയോ  കാണാം
samuel robinson fb video

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും രംഗത്തെത്തി. മലയാള പുതുമുഖങ്ങള്‍ക്ക് 10 മുതല്‍ 20 ലക്ഷം വരെ പ്രതിഫലം ലഭിക്കുമ്പോള്‍ തനിക്ക് കിട്ടിയത് അഞ്ച് ലക്ഷത്തിന് താഴെ മാത്രം എന്ന് സാമുവല്‍. തന്‍റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയയിലൂടെയാണ് സാമുവല്‍ ഇക്കാര്യം പറഞ്ഞത്. "ചിത്രം ഹിറ്റായാല്‍ മെച്ചപ്പെട്ട പ്രതിഫം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ എനിക്ക് നല്‍കിയ വാഗ്ദാനം. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല. ഇത്  വംശീയമായ വിവേചനം തന്നെ"-  സാമുവല്‍ വീണ്ടും ആവര്‍ത്തിച്ചു. 

വീഡിയോ കാണാം

കഴിഞ്ഞ ദിവസ‍വും സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് നിര്‍മ്മാതാക്കള്‍ തന്നതെന്ന് സാമുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ പോസ്റ്റിന് വളരെ മോശം പ്രതികരണമാണ് ലഭിക്കുന്നത് എന്ന് സാമുവല്‍ വീണ്ടും തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചു.  

'മറ്റു യുവതാരങ്ങളുമായി പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിച്ചത്. കറുത്തവനായത് കൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച സക്കറിയ എന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചിരുന്നു. സക്കറിയ സ്‌നേഹമുള്ള ഒരു യുവാവും കഴിവുള്ള സംവിധായകനുമാണ്.പക്ഷേ ചിത്രത്തിനായി പണം മുടങ്ങുന്നത് അദ്ദേഹമല്ലാത്തതിനാല്‍ പരിമിതികളുണ്ടായിരുന്നു.

ചിത്രം ഹിറ്റായാല്‍ മെച്ചപ്പെട്ട പ്രതിഫം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ എനിക്ക് നല്‍കിയ വാഗ്ദാനം. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല, ഇപ്പോള്‍ ഞാന്‍ തിരിച്ചു നൈജീരിയയില്‍ എത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗും പ്രമോഷന്‍ പരിപാടികളുമായി കഴിഞ്ഞ അഞ്ച് മാസവും എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു ആ വാഗ്ദാനങ്ങളെല്ലാം എന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. ചിത്രം ഇപ്പോള്‍ വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാധാരണക്കാരില്‍ നിന്നും അങ്ങനെയൊന്നും നേരിടേണ്ടിവന്നിട്ടില്ല.  കേരളത്തിലുണ്ടായിരുന്ന ദിവസങ്ങള്‍ ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു. കേരളത്തിന്‍റെ സംസ്കാരവും ബിരിയാണിയും ഇഷ്ടപ്പെട്ടു - സാമുവല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios