തീവണ്ടി ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍

ആഷിക് അബുവിന്‍റെ മായാനദിക്ക് ശേഷം ടൊവീനോയുടെ ഒരു ശ്രദ്ധേയ പ്രോജക്ട് ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയാണ്. നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത തീവണ്ടി. സിനിമയുടെ പുറത്തെത്തിയ വീഡിയോ സോങ്ങിനടക്കം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു കോടിയിലേറെ കാഴ്ചകളാണ് ജീവാംശമായ് എന്ന് തുടങ്ങുന്ന ഗാനത്തിന് യുട്യൂബില്‍ ലഭിച്ചത്. ഒരു ചെയ്‍ന്‍ സ്‍മോക്കര്‍ കഥാപാത്രമാണ് ടൊവീനോയുടെ ബിനീഷ് ദാമോദരന്‍ എന്ന നായകനെന്ന് പറയുന്നതായിരുന്നു വീഡിയോ സോങ്ങ്. സംയുക്ത മേനോന്‍റെ നായികാ കഥാപാത്രം ടൊവീനോയുടെ മുഖത്ത് നിരവധി തവണ അടിക്കുന്ന ദൃശ്യങ്ങള്‍ പാട്ടിലുണ്ട്. സിഗരറ്റ് വലി തുടരുന്നപക്ഷം ഓരോ തവണ വലിക്കുമ്പോഴും ഓരോ തവണ മുഖത്തടിക്കുമെന്ന കണ്ടീഷനും നായിക പാട്ടിനിടെ പറയുന്നുണ്ട്. മുഖത്തടിക്കുന്നതിന്‍റെ ഏഴ് ഷോട്ടുകളാണ് ഗാനത്തിലുള്ളത്. എന്നാല്‍ അതിനുവേണ്ടി പല തവണ റീടേക്കുകള്‍ പോകേണ്ടിവന്നെന്നും ആകെ 20 ടേക്കുകള്‍ എടുക്കേണ്ടിവന്നെന്നും സംയുക്ത മേനോന്‍ പറയുന്നു.

"മുഖത്തടിക്കുന്ന ഷോട്ടുകളെക്കുറിച്ച് ഇപ്പോള്‍ തമാശയ്ക്ക് പറയാമെങ്കിലും ചിത്രീകരിക്കുമ്പോള്‍ അങ്ങനെ ആയിരുന്നില്ല. ഒരാളുടെ മുഖത്തടിക്കുക എളുപ്പമുള്ള കാര്യമല്ല, അതും ഒന്നിലേറെത്തവണ. നിരവധി റീടേക്കുകളും വേണ്ടിവന്നു. പെര്‍ഫെക്ഷന്‍ വേണമെന്നാഗ്രഹിക്കുന്നയാളാണ് സംവിധായകനായ ഫെല്ലിനി ടി.പി. അതിനാല്‍ ടൊവീനോയെ വീണ്ടുംവീണ്ടും അടിക്കേണ്ടിവന്നു. ഞങ്ങള്‍ ഇരുവരുടെയും ടൈമിംഗ് പലപ്പോഴും ശരിയാവുന്നുണ്ടായിരുന്നില്ല. പലപ്പോഴും എനിക്ക് കുറ്റബോധം തോന്നി. റീടേക്കുകള്‍ ഉണ്ടാവാതിരിക്കാന്‍ പിന്നീട് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി." എന്നാല്‍ അത്തരം റീടേക്കുകളിലൊന്നും ടൊവീനോ അസ്വസ്ഥനായില്ലെന്നും പറയുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത മേനോന്‍.

ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന തീവണ്ടിയുടെ രചന വിനി വിശ്വലാലിന്‍റേതാണ്. ഛായാഗ്രഹണം ഗൗതം ശങ്കറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. കൈലാസ് മേനോന്‍ സംഗീതം. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.