സെക്സി ദുര്‍ഗയുടെ പേര് മാറ്റിയിട്ടും വെറുതെ വിടാന്‍ സമൂഹമാധ്യമങ്ങളില്‍ അടച്ചാക്ഷേപിക്കുന്നവര്‍ തയ്യാറാകാതെ വന്നതോടെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ സംവിധായകന്‍ നേരിട്ടിരുന്നത്. 

സംവിധായകന്റെ വീട്ടിലുള്ളവരുടെ പേര് ദുര്‍ഗയ്ക്ക് പകരം നല്‍കാന്‍ പറഞ്ഞ് അധിഷേപിക്കാന്‍ ശ്രമിച്ചവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് സംവിധായകന്‍ നല്‍കിയത്. തന്റെ അമ്മയുടെ പേര് സരസ്വതി എന്നാണെന്നും ഭാര്യയുടെ പേര് പാര്‍വ്വതി ആണെന്നും വിശദമാക്കിയ സനല്‍, ഈ പേരുകള്‍ തന്റെ സിനിമയ്ക്ക് ഇട്ടാല്‍ സഹിക്കാന്‍ സാധിക്കുമോയെന്ന് ചോദിക്കുന്നു. 

സെക്സി എന്ന പേര് ദുര്‍ഗയ്ക്കൊപ്പം ചേര്‍ത്തതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കിയിരുന്നു. ഗോവ രാജ്യാന്തര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവസാന നിമിഷം കോടതി അനുമതി നല്‍കിയെങ്കിലും ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് അനുമതി റദ്ദാക്കി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ ചിത്രത്തിന്റെ പേരിനെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്ന് പലരും പ്രതികരിച്ചിരുന്നു.