നടി ശാന്തി കൃഷ്‍ണ വീണ്ടും വിവാഹ മോചിതയായി. കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ ബജോര്‍ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് വേര്‍പിരിഞ്ഞത്.
കര്‍ണാടകയിലെ കുടുംബ കോടതിയിലാണ് ഉഭയകക്ഷി സമ്മതപ്രകാരമാണ് ശാന്തി കൃഷ്‍ണയും ബജോര്‍ സദാശിവനും വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്. ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു.
അമേരിക്കന്‍ വ്യവസായി ബജോര്‍ സദാശിവനും ശാന്തി കൃഷ്‍ണണയും 18 വര്‍ഷം മുമ്പാണ് വിവാഹിതരായത്.
ശാന്തി കൃഷ്‍ണയും ശ്രീനാഥും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു ബജോറുമായുള്ള വിവാഹം. രണ്ടാം വിവാഹത്തിന് ശേഷം കുടുംബവും കുട്ടികളുമായി ബംഗളുരുവില്‍ താമസിക്കുകയായിരുന്ന ശാന്തി കൃഷ്‌ണ കഴിഞ്ഞവര്‍ഷം അപ്രതീക്ഷിതമായാണ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ശാന്തി കൃഷ്‍ണ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തയുമെത്തി. വിവാഹമോചനശേഷം കേരളത്തിലേക്ക് താമസം മാറ്റാന്‍ ശാന്തി കൃഷ്‍ണ തയ്യാറെടുക്കുന്നതായാണ് വിവരം. എണ്‍പതുകളില്‍ മലയാളസിനിമയുടെ മുഖശ്രീയായിരുന്ന ശാന്തി കൃഷ്‍ണയുടെ വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവ് കാത്തിരിക്കുകയാണ് മലയാളികള്‍.
