മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ത്രില്ലിലാണ് സന്തോഷ് പണ്ഡിറ്റ്. ആ അനുഭവങ്ങള്‍ സന്തോഷ് പങ്കുവച്ചു. ഷൂട്ടിങിന്‍റെ ആദ്യ ദിവസങ്ങളില്‍ മമ്മൂക്ക ഉണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങി കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ജോയിന്‍ ചെയ്തത്. സെറ്റില്‍ വന്നതിനു ശേഷമാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. അതുവരെ രണ്ടുപേരും രണ്ടു സ്ഥലത്തായിരുന്നു. 

പണ്ഡിറ്റിനെ വിളിച്ചോളൂ എന്ന് ഡയറക്ടര്‍ പറയുന്ന സമയത്താണ് ഞാനും മമ്മൂക്കയും ആദ്യം കാണുന്നത്. ഞങ്ങളുടെ കോമ്പിനേഷന്‍ സീനായിരുന്നു അത്. ഷോട്ട് എടുക്കുന്നതിനു മുന്‍പ് ഞാന്‍ അദ്ദേഹത്തോട് ‘അനുഗ്രഹിക്കണം’ എന്ന് പറഞ്ഞു. അദ്ദേഹം തിരിച്ച് എന്നോട് ‘ഓള്‍ ദി ബെസ്റ്റ്’ എന്നുപറഞ്ഞു. 

അങ്ങനെയാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങും മുന്‍പ് ഒന്നു കാണാനോ സംസാരിക്കാനോ ഉള്ള അവസരമൊന്നും കിട്ടിയില്ല. എങ്കിലും എന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഞങ്ങള്‍ തമ്മില്‍ ധാരാളം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. ഷൂട്ടിങ് തീര്‍ന്നിട്ടില്ല.

ചിത്രത്തിന്‍റെ ലൊക്കേഷനില്‍ സന്തോഷ് പണ്ഡിറ്റ്

ഏപ്രില്‍ 18 മുതലാണ് ഷൂട്ടിങ് തുടങ്ങിയത്. മമ്മൂക്ക ജോയിന്‍ ചെയ്തിട്ട് 10 ദിവസമേ ആയുള്ളൂ. ദിവസവും കാണും, പരസ്പരം വിഷ് ചെയ്യും. വളരെ കുറച്ചു മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളൂ. പിന്നെ കൂടുതലും വര്‍ക്ക് ഉണ്ടാവും. അതിന്റെ തിരക്കിലായിരിക്കും എപ്പോഴും. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പഠിക്കലായിരിക്കും പ്രധാനം.

എല്ലാവരും അഭിനയം എങ്ങനെ മെച്ചപ്പെടുത്താം എന്നല്ലേ ചിന്തിക്കുന്നത്. കൂടെ അഭിനയിക്കുന്നവരോട് അദ്ദേഹത്തിന് പ്രത്യേക കെയറിങ് ഉണ്ട്. സീന്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഓരോ ഷോട്ട് എടുക്കുമ്പോഴും സംവിധായകന്‍ കാര്യങ്ങള്‍ പൊതുവായി പറയാറുണ്ട്. പിന്നെ ഇങ്ങനെ മൂവ് ചെയ്യാം എന്നൊക്കെ മമ്മൂക്കയും പറഞ്ഞുതരും. സിനിമ ഷൂട്ടിങ് തീരുമ്പോഴേക്കും നല്ലൊരു സൗഹൃദം സ്ഥാപിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.