മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വതിക്ക് പിന്തുണയുമായി തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ പാര്‍വതിക്ക് തന്റെ പിന്തുണ അറിയിച്ചത്.
ഞാന്‍ സിനിമ കണ്ടിട്ടില്ല, എന്നാല്‍ കൊലപാതക-ബലാത്സംഗ ഭീഷണി ഇല്ലാതെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. ഈ വിഷയത്തില്‍ മലയാളത്തിലെ സീനിയര്‍ നടന്‍മാര്‍ പാര്‍വതിക്ക് പിന്തുണ നല്‍കണമെന്നും പൊതുസംവാദത്തിന് തയ്യാറാവണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു.... ഇതായിരുന്നു ട്വിറ്ററില്‍ തരൂര്‍ കുറിച്ച വാക്കുകള്‍.
എന്നാല്‍ ഈ ട്വീറ്റില്‍ വിവാദങ്ങളില്‍പ്പെട്ട നടി പാര്‍വതി തിരുവോത്തിനെയല്ല പാര്‍വതി നായരെയാണ് (യെന്നൈ അറിന്താല്‍) ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ഈ അബദ്ധം ആളുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തിരുത്തുമായി തരൂര്‍ വീണ്ടുമെത്തി. ഞാന്‍ വേറെ നടിയെയാണ് ടാഗ് ചെയ്തതെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ ടാഗ് ചെയ്യേണ്ടിയിരുന്ന പാര്‍വതിയോട് ക്ഷമ ചോദിക്കുന്നു. പക്ഷേ വിഷയം ചര്‍ച്ച ചെയ്യണമെന്ന മലയാളി നടന്‍മാരോടുള്ള എന്റെ നിലപാടില്‍ മാറ്റമില്ല.

