ഒരു പുതുമുഖത്തിന്റെ ഗംഭീരമായ പ്രകടനമുണ്ട് ചിത്രത്തിലെന്ന് പറഞ്ഞാണ് സത്യന്‍ അന്തിക്കാട് തുടങ്ങിയത്. 

പേരന്‍പിന്റെ ഇന്നലെ നടന്ന കേരള പ്രീമിയറിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന് നേരത്തേ പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് ഇരട്ടിപ്പിച്ചിരിക്കുകയാണ് ഇന്നലെ എറണാകുളം പിവിആറില്‍ നടന്ന പ്രിവ്യൂ ഷോ. ഫെബ്രുവരി ഒന്നിന് തീയേറ്ററുകളിലെത്തുന്ന ചിത്രം കാണാന്‍ മലയാളത്തിലെ പ്രധാന സംവിധായകരടക്കം എത്തിയിരുന്നു. 

സിബി മലയില്‍, കമല്‍, സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, ജോഷി, രഞ്ജി പണിക്കര്‍, ലിജോ ജോസ് പെല്ലിശ്ശേരി, എസ് എന്‍ സ്വാമി, നിവിന്‍ പോളി, ബി ഉണ്ണികൃഷ്ണന്‍, നാദിര്‍ഷ, രഞ്ജിത്ത് ശങ്കര്‍, ഹനീഫ് അദേനി, രമേശ് പിഷാരടി, ആന്റോ ജോസഫ്, അനു സിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി തുടങ്ങി പ്രശസ്തരുടെ നീണ്ട നിരയുണ്ടായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂവിന്. ചിത്രത്തെ വാനോളം പുകഴ്ത്തിയാണ് എല്ലാവരും സംസാരിച്ചതെങ്കിലും മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഏറ്റവും രസകരമായ കമന്റ് പറഞ്ഞത് സത്യന്‍ അന്തിക്കാട് ആയിരുന്നു.

ഒരു പുതുമുഖത്തിന്റെ ഗംഭീരമായ പ്രകടനമുണ്ട് ചിത്രത്തിലെന്ന് പറഞ്ഞാണ് സത്യന്‍ അന്തിക്കാട് തുടങ്ങിയത്. 'ഈ സിനിമ കണ്ട് അതിശയിച്ചുപോയി. റാമിനാണ് ആദ്യമായി നന്ദിയും അഭിനന്ദനവും. കാരണം ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു വിഷയം സിനിമയാക്കാന്‍ ഞാന്‍ ധൈര്യപ്പെടില്ല. ഒരു പുതുമുഖത്തിന്റെ അതിഗംഭീരമായ അഭിനയവുമുണ്ട് ഈ ചിത്രത്തില്‍. അത് മറ്റാരുമല്ല, മലയാളത്തിലെ എക്കാലത്തെയും പുതുമുഖമായ മമ്മൂട്ടിയാണ്.' മുന്‍പ് രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടനിലെ നായകകഥാപാത്രത്തെ കണ്ടപ്പോഴും തനിക്ക് ഇതുപോലെ തോന്നിയിരുന്നുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.