Asianet News MalayalamAsianet News Malayalam

പതിവ് തെറ്റിച്ച് സത്യന്‍ അന്തിക്കാട്; ഫസ്റ്റ് ക്ലാപ്പിനൊപ്പം ഫഹദ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

  • ശ്രീനിവാസന്‍റെ തിരക്കഥയില്‍ പതിനാറ് വര്‍ഷത്തിന് ശേഷമാണ് സത്യന്‍ അന്തിക്കാട് ഒരു ചിത്രമൊരുക്കുന്നത്
sathyan anthikad named his new movie
Author
First Published Jul 16, 2018, 9:12 PM IST

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം മറ്റൊരു പ്രത്യേകതകൊണ്ട് കൂടിയായിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. തന്‍റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച ശ്രീനിവാസനുമായി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഒത്തുചേരുന്നുവെന്നായിരുന്നു അത്. ഇപ്പോഴിതാ ചിത്രീകരണം ആരംഭിച്ച ദിവസം തന്‍റെ ഒരു പതിവ് തെറ്റിച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

സത്യന്‍ അന്തിക്കാട് സിനിമകളുടെ പേരുകള്‍ പോലെ കൗതുകമുണര്‍ത്തുന്നവയായിരുന്നു അവയുടെ പ്രഖ്യാപനവും. മിക്കപ്പോഴും ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലോ റിലീസിന് തൊട്ടുമുന്‍പോ ഒക്കെയാവും അദ്ദേഹം തന്‍റെ സിനിമകളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. പ്രകാശന്‍ എന്ന തന്‍റെ പേര് പി.ആര്‍.ആകാശ് എന്ന് മാറ്റാന്‍ ഗസറ്റില്‍ പരസ്യം കൊടുത്തയാളാണ് ഫഹദിന്‍റെ കഥാപാത്രം. ചിത്രത്തിന്‍റെ പേര് 'ഞാന്‍ പ്രകാശന്‍' എന്നാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

നേരത്തേ 'മലയാളി' എന്ന് പേരിടാന്‍ ആലോചിച്ചിരുന്ന പ്രോജക്ട് ആണിത്. പേരിന് ഫിലിം ചേംബറിന്‍റെ അനുവാദവും ലഭിച്ചിരുന്നു. എന്നാല്‍ ഇതേപേരില്‍ മുന്‍പ് ഒരു സിനിമ ഇറങ്ങിയിരുന്നുവെന്ന് പിന്നാലെ അറിഞ്ഞതിനാല്‍ ആ പേര് മാറ്റുകയായിരുന്നു.

സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്

പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.

എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.

ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് 'പി.ആർ.ആകാശ് ' എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് "ഞാൻ പ്രകാശൻ" എന്ന് പേരിടുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

"ഞാൻ പ്രകാശൻ" ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.
 

Follow Us:
Download App:
  • android
  • ios