ഗസറ്റില്‍ പരസ്യം ചെയ്ത് 'പ്രകാശന്‍' എന്ന പേര് 'പി.ആര്‍.ആകാശ്' എന്ന് പരിഷ്കരിക്കുന്നയാളാണ് ഫഹദിന്‍റെ നായകന്‍

സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഏറെ വൈവിധ്യം പുലര്‍ത്തുന്നയാളാണ് ഫഹദ് ഫാസില്‍. വേണുവിന്‍റെ കാര്‍ബണിനും അമല്‍ നീരദിന്‍റെ വരത്തനും ശേഷം ഫഹദിനെ സ്ക്രീനില്‍ എത്തിക്കുന്നത് സത്യന്‍ അന്തിക്കാട് ആണ്. ഞാന്‍ പ്രകാശന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായിക. ഗസറ്റില്‍ പരസ്യം ചെയ്ത് 'പ്രകാശന്‍' എന്ന പേര് 'പി.ആര്‍.ആകാശ്' എന്ന് പരിഷ്കരിക്കുന്നയാളാണ് ഫഹദിന്‍റെ നായകന്‍. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ്.കുമാര്‍ ആണ്. 

ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. കെപിഎസി ലളിത, സബിതാ ആനന്ദ്, വീണാ നായര്‍, മഞ്ജുള, ജയശങ്കര്‍, മുന്‍ഷി ദിലീപ് എന്നിവരും അഭിനയിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. കെ രാജഗോപാല്‍ എഡിറ്റിംഗ്. കലാസംഗം റിലീസ് പ്രദര്‍ശനത്തിനെത്തിക്കും.