നമ്മള്‍ സീനിയറാണെന്നും തങ്ങളുടെയൊക്കെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവര്‍ക്ക് തോന്നുമ്പോഴാണ് പ്രശ്‌നം
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. എക്കാലത്തും ഓർത്തിരിക്കാവുന്ന ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രം 'ഹൃദയപൂർവ്വം' ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. എന്നാൽ ഇപ്പോഴിതാ സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഫഹദ് പണ്ട് തന്നെ വിളിച്ചിരുന്നത് സത്യൻ അങ്കിൾ എന്നായിരുന്നുവെന്നും എന്നാൽ ഇപ്പോഴതിൽ മാറ്റം വന്നുവെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറയുന്നു.
"ആദ്യമൊക്കെ സത്യൻ അങ്കിൾ എന്നായിരുന്നു ഫഹദ് വിളിച്ചിരുന്നത്, പക്ഷെ ഷൂട്ടിങ് അവന്‍ തുടങ്ങുമ്പോള്‍ സത്യേട്ടാ എന്നാണ് വിളിക്കുന്നത്. അത്തരത്തില്‍ ഞങ്ങള്‍ക്കിടയിലെ അതിര്‍വരമ്പ് ഇല്ലാതാകുകയാണ്. അത് വലിയ മാറ്റം കൊണ്ടുവരും, നമ്മള്‍ സീനിയറാണെന്നും തങ്ങളുടെയൊക്കെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവര്‍ക്ക് തോന്നുമ്പോഴാണ് പ്രശ്‌നം." സത്യൻ അന്തിക്കാട് പറഞ്ഞു. 2015 ൽ പുറത്തിറങ്ങിയ 'ഒരു ഇന്ത്യൻ പ്രണയകഥ', 2017 ൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശൻ' എന്നീ രണ്ട ചിത്രങ്ങളാണ് സത്യൻ അന്തിക്കാട്- ഫഹദ് കോംബോയിൽ പുറത്തിറങ്ങിയത്. രണ്ട ചിത്രങ്ങളും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയവയായിരുന്നു.
അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
മലയാളികൾക്ക് എല്ലാകാലത്തും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവ്വം' ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. കുടുംബപ്രേക്ഷകരെ ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പുതിയ ചിത്രത്തിലും പ്രേക്ഷകഹൃദയം കീഴടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം ഫഹദ് ഫാസിലിന്റെ 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രവും ഓണം റിലീസായി എത്തുകയാണ്.


