ദില്ലി: ലൈംഗിക പീ‍ഡനകേസിൽ പീപ് ലി ലൈവ് സംവിധായകൻ മഹമൂദ് ഫറൂഖിയെ വെറുതേ വിട്ട ദില്ലി ഹൈക്കോടതി വിധി സുപ്രീംകോടതി ശരി വച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പരാതിക്കാരിയുടെ ഹർജി കോടതി തള്ളി. യുക്തിപൂർവ്വവും കുറ്റമറ്റതുമായ വിധിയെന്നാണ് ഫറൂഖിയെ കുറ്റവിമുക്തനാക്കിയ ദില്ലി ഹൈക്കോടതി വിധിയെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. 

2015 ലാണ് കേസിനാസ്പദമായ സംഭവം. യുഎസ് പൗരത്വമുള്ള ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി . ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ദില്ലിയിലെ അതിവേഗ കോടതി ഫറൂഖി കുറ്റക്കാരനാണെന്ന് വിധിച്ചു . ഇതിനെതിരെ ഫറൂഖി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗം ആകില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി ഫറൂഖിയെ വെറുതെവിട്ടു. 

രാജ്യത്ത് പിന്നീട് നടന്ന പല വിധി ന്യായങ്ങളെയും സ്വാധീനിക്കുന്നതായിരുന്നു ദില്ലി ഹൈക്കോടതി വിധി. ഫറൂഖിയും പരാതിക്കാരിയും അടുപ്പത്തിലായിരുന്നെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും കോടതി തെളിവായി സ്വീകരിച്ചു. ഈ വിധി ചോദ്യം ചെയ്ത് പരാതിക്കാരി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി തീർപ്പ് കൽപ്പിച്ചത്. ഏറെ സങ്കീർണമായ കേസിൽ ദില്ലി ഹൈക്കോടതി മികച്ച വിധിയാണ് പ്രസ്താവിച്ചതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എസ് എ ബോബ്ഡെയും എൽ നാഗേശ്വര റാവും നിരീക്ഷിച്ചു.