ചലചിത്രമേളയിലെ  മത്സരപോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഓസ്കര്‍ പരിഗണന പട്ടികയില്‍ ഇടംപിടിച്ച ക്ലാഷ്, കാന്‍ ഫെസ്റ്റിവലിലും  ഗോവന്‍ അന്താരാഷ്‌ട്ര ചലചിത്രമേളയിലും തരംഗമായിരുന്നു. ബ്രേറ്റ് മൈക്കല്‍ ഏണ്‍സ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ ചിത്രം സിങ്കും  മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. മത്സരവിഭാഗത്തിലെ രണ്ട് ചിത്രങ്ങളടക്കം 63 സിനിമകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യത്തോടെ രണ്ടാം ദിനം മേളയുടെ ശ്രദ്ധാകേന്ദ്രമാകുക പ്രധാനവേദിയായ ടാഗോര്‍ ആകും. സിനിമാ ചരിത്രം അടയാളപ്പെടുത്തുന്ന ഇന്‍സ്റ്റലേഷന്‍ ജഗതിയും നടി ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗോപാലകൃഷ്ണന് ആദരസൂചകമായി കൈരളി തീയേറ്ററില്‍ ഒരുക്കിയ അടൂര്‍ ചിത്രലേഖന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.