ചലച്ചിത്ര അവാർഡിനെതിരെ സംവിധായിക ശ്രുതി ശരണ്യം. ജൂറിക്ക് 'ആൺനോട്ടം' ആണെന്നും ലൈംഗിക കുറ്റവാളികളെപ്പോലും ആഘോഷിക്കുന്നുവെന്നും ആരോപിച്ചു. സ്വതന്ത്ര സിനിമകളുടെ നിലനിൽപ്പിന് സംസ്ഥാന പുരസ്കാരങ്ങൾ നൽകുന്ന പ്രോത്സാഹനം അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാന ചലച്ചിത്ര അവാർഡിനെ വിമർശിച്ച് സംവിധായിക ശ്രുതി ശരണ്യം രംഗത്ത്. ജൂറിയ്ക്ക് ആൺനോട്ടം എന്താണെന്ന് മനസിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് അവാർഡിലൂടെ വ്യക്തമായ കാര്യമാണെന്നും, ലൈംഗിക കുറ്റവാളികളെപോലും ഒരു മടിയുമില്ലാതെ ആഘോഷിക്കുന്നുണ്ടെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ശ്രുതി ചൂണ്ടികാണിക്കുന്നു.

"കേരള സ്റ്റേറ്റ് മസ്‌കുലിന്‍ അവാര്‍ഡ്‌സ്-ഹൈലൈറ്റ്‌സ്. എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകളുണ്ടായിരുന്നുളളൂ എന്നാണ് ജൂറി ചെയര്‍മാന്‍ പറഞ്ഞത്. എന്നിട്ട് അവര്‍ ഒരു ഹൊയ്‌ഡെനിഷ് സിനിമയ്ക്കുമേല്‍ അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ, ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഷോഘിക്കുന്നു. 'ബഹുമാനപ്പെട്ട' ജൂറിയ്ക്ക് ആണ്‍ നോട്ടം എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വ്വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം." ശ്രുതി ശരണ്യം കുറിച്ചു.

ഇത്തവണത്തെ അവാർഡിൽ സ്വതന്ത്രസിനിമകളെ തഴഞ്ഞതിനെ കുറിച്ചും ശ്രുതി ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഫെസ്റ്റിവൽ എൻട്രികളുമാണ് സ്വതന്ത്ര സിനിമകൾക്കുള്ള ഇന്ധനമെന്നും, ദേശീയപുരസ്കാരങ്ങളിൽ നിലവിൽ വിശ്വാസം ഇല്ലെന്നിരിയ്ക്കെ സംസ്ഥാനചലച്ചിത്രപുരസ്കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്രചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നുവെന്നും ശ്രുതി പറയുന്നു.

‘സ്വതന്ത്രസിനിമകളെയും അക്കാദമി ഉൾക്കൊള്ളേണ്ടതില്ലേ?’

“സ്വതന്ത്രസിനിമയുടെ ആകെയുള്ള ഇന്ധനമെന്നു പറയുന്നത് സംസ്ഥാനചലച്ചിത്ര പുരസ്കാരങ്ങളും ഫെസ്റ്റിവൽ എൻട്രികളുമാണ്. ജനപ്രിയചിത്രങ്ങൾക്ക് സ്വകാര്യപുരസ്കരവേദികളും, മനുഷ്യരിലേക്കു കടന്നു ചെല്ലാനുള്ള ഒടിടി-തീയ്യെറ്റർ സ്പേസുകളും വേണ്ടുവോളം ഉണ്ടെന്നിരിയ്ക്കെ - ദേശീയപുരസ്കാരങ്ങളിൽ നിലവിൽ വിശ്വാസം ഇല്ലെന്നിരിയ്ക്കെ- സംസ്ഥാനചലച്ചിത്രപുരസ്കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്രചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു.”

"ജനപ്രിയചിത്രങ്ങൾ അംഗീകരിക്കപ്പെടേണ്ടവയല്ല എന്നല്ല, അതോടൊപ്പം, ഒരുപക്ഷേ, അതിലേറെ പ്രാധാന്യത്തോടെ സ്വതന്ത്രസിനിമകളെയും അക്കാദമി ഉൾക്കൊള്ളേണ്ടതില്ലേ? കാരണം, ഈ ഇന്ധനം നിലച്ചാൽ ഇല്ലാത്ത പൈസ കയ്യിൽ നിന്നെടുത്തും, കടം വാങ്ങിയും, നിർമ്മാതാക്കളിൽനിന്നും അപമാനങ്ങൾ സഹിച്ചും സിനിമകളുണ്ടാക്കി, അത്തരം സിനിമകളെ അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ വരെ കഷ്ടപ്പെട്ട് എത്തിച്ച മലയാളത്തിലെ പല സ്വതന്ത്രസംവിധായകരും നാളെ നാമാവശേഷരായെന്നു വരും. പാരഡൈസിനും, പായൽ കപാഡിയക്കും, ഫെമിനിച്ചിഫാത്തിമയ്ക്കും ലഭിച്ച അംഗീകാരങ്ങളിൽ സന്തോഷിക്കുന്നു. ഒപ്പം, അംഗീകരിക്കപ്പെടാതെ പോയ മറ്റു നല്ല ചിത്രങ്ങളെയും അവയുടെ സംവിധായകരെയും ഓർക്കുന്നു." ശ്രുതി കുറിച്ചു.

YouTube video player