പഴയ ശക്തിമാന്‍ അവസാനിപ്പിച്ചയിടത്ത് നിന്ന് തന്നെയായിരിക്കും പുതിയ ശക്തിമാനും യാത്ര തുടങ്ങുന്നത്. പക്ഷേ ആളെ അത്ര പരിചയമില്ലാത്ത ന്യൂ ജനറേഷന്‍ കുഞ്ഞുങ്ങള്‍ക്കായി ശക്തിമാന്‍റെ കുട്ടിക്കാലം കൂടി കുറച്ച് എപ്പിസോഡുകളില്‍ വിശദീകരിക്കും. തന്‍റെ ഏഴ് ഗുരുക്കന്മാരില്‍ നിന്നുള്ള ശിക്ഷണം സ്വീകരിച്ച് കഠിന പരിശീലനത്തിലൂടെ ശക്തിമാന്‍ പിറവിയെടുത്ത ആ പഴയ കഥ പൂര്‍ണ്ണമായും വിശദീകരിക്കുമെന്ന് മുകേഷ് ഖന്ന അറിയിച്ചിട്ടുണ്ട്. 

ശക്തിമാന്‍റെ പൂര്‍വ്വകാലം ചിത്രീകരിക്കണമെന്ന് തനിക്ക് നേരത്തെ തന്നെ അഭിപ്രായമുണ്ടായിരുന്നെങ്കിലും കുറേ എപ്പിസോഡുകളിലെങ്കിലും സ്ക്രീനില്‍ ശക്തിമാനെ കാണാനാവാത്ത ആരാധകര്‍ നിരാശരാകുമെന്ന് പറഞ്ഞ് അന്ന് പ്രൊഡ്യൂസര്‍ തന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നെന്ന് മുകേഷ് ഖന്ന പറഞ്ഞു.

കുഞ്ഞ് ശക്തിമാനായി വേഷമിടാന്‍ ഏതാനും കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്. കുട്ടി ശക്തിമാന്‍ വളര്‍ന്ന് വലുതാകുന്പോള്‍ മുകേശ് ഖന്ന തന്നെയായിരിക്കും മുതിര്‍ന്ന ശക്തിമാനായി വേഷമിടുന്നത്. 58കാരനായ മുകേശ് ഖന്ന ഇതിനായി എട്ട് കിലോ തൂക്കം കുറച്ചിട്ടുണ്ടത്രെ. ഒപ്പം മാധ്യമ പ്രവര്‍ത്തക ഗീതാ വിശ്വാസ്, തംരാജ് കില്‍വിഷ്, ഡോ. ജൈകല്‍ എന്നീ പഴയ കഥാപാത്രങ്ങളെല്ലാം പുതിയ പരമ്പരയില്‍ അണിനിരക്കും.

ദിവസവും വൈകുന്നേരം ആറു മണി മുതല്‍ ആറര വരെ ശക്തിമാന്‍ സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശനുമായി ചര്‍ച്ച നടത്തിവരികയാണെന്നും മുകേഷ് ഖന്ന അറിയിച്ചു. ആ സമയം തന്നെ കിട്ടിയാല്‍ ദൂരദര്‍ശനിലൂടെത്തന്നെ ശക്തിമാനെത്തും. ഏതായാലും ശക്തിമാനെ വീണ്ടും അവതരിപ്പിക്കാന്‍ പറ്റിയ സമയമാണിതെന്നാണ് മുകേശ് ഖന്നയുടെ അഭിപ്രായം.