മുംബൈ: തനിക്ക് 52 വയസ്സായെങ്കിലും താനിപ്പോഴും ചെറുപ്പമാണെന്നും ഇനിയും ആരാധകരെ രസിപ്പിച്ചു കൊണ്ട് അഭിനയം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഷാറൂഖ് ഖാന്‍. ചലച്ചിത്രരംഗത്ത് 25 വര്‍ഷം തികയുന്ന വേളയിലാണ് നടന്‍ ഈ രീതിയില്‍ പ്രതികരിച്ചത്. 

അമ്മയുടെ മരണം സൃഷ്ടിച്ച മാനസിക ആഘാതത്തില്‍ നിന്നും മോചനം തേടിയാണ് ഷാറൂഖ് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വരുന്നതും അഭിനയരംഗത്ത് അവസരങ്ങള്‍ തേടി തുടങ്ങിയതും. 

രണ്ട് വര്‍ഷം മുംബൈയില്‍ കഴിഞ്ഞ ശേഷം ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചു പോകാനായിരുന്നു എന്റെ പദ്ധതിഎന്നാല്‍ ആദ്യത്തെ ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണം ലഭിച്ചതോടെ അഭിനയരംഗത്ത് തുടരാന്‍ തീരുമാനിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഇപ്പോള്‍ ഇതാ കണ്ണടച്ചു തുറക്കും മുന്‍പേ 25 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു...കഴിഞ്ഞ ദിവസം നടന്ന സീ ടിവി സിനിമാ അവാര്‍ഡ് ദാനചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി കൊണ്ട് ഷാറൂഖ് പറയുന്നു. 

25 വര്‍ഷം സിനിമയിലൂടെ കടന്നു പോയി എനിക്കിപ്പോള്‍ 50 വയസ്സായി പക്ഷേ ഒന്നും മാറിയില്ലെന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. ആരാധകര്‍ എന്നെ അതിരില്ലാതെ സ്‌നേഹിക്കുന്നു.എന്നെ പിന്തുണയ്ക്കാനും എന്റെ സിനിമകള്‍ കാണാനുമുള്ള അവരുടെ ആവേശം ഒരിക്കലും കുറഞ്ഞിട്ടില്ല. പ്രായമൊന്നും എന്നെ ബാധിച്ചിട്ടില്ല. ബാക്കിയുള്ള ജീവിതവും ആളുകളെ രസിപ്പിച്ച് ജീവിക്കാന്‍ സാധിച്ചാല്‍ പ്രായമൊന്നും ഒരു പ്രശ്‌നമല്ല.... ഷാറൂഖ് പറഞ്ഞു നിര്‍ത്തി.