മുംബൈ: മികച്ച പ്രതികരണവുമായി മുന്നേറുന്ന പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ലൈംഗിക അതിക്രമം തടഞ്‍ഞതിന്റെ പേരിൽ കള്ളക്കേസിൽ അകപ്പെട്ട മൂന്ന് പെൺകുട്ടികൾ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പിങ്ക് പറയുന്നത്.
എന്തുകൊണ്ട് ഇത്തരമൊരു സിനിമ ഇറങ്ങാൻ ഇത്രയും വൈകിയെന്നാണ് പല പ്രമുഖരും പിങ്ക് കണ്ട് ഇറങ്ങിയ ശേഷം ചോദിച്ചത്. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും പറ്റിയുള്ള ആശങ്കകൾ തുറന്ന് പറഞ്ഞ് അമിതാഭ് ബച്ചനും സിനിമ ഞെട്ടിച്ചെന്ന് അർജുൻ കപ്പൂർ. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും കയ്യടി ഒരുപോലെ ഏറ്റുവാങ്ങി മുന്നേറുകയാണ് പിങ്ക്.
മികച്ച സന്ദേശം നൽകുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം എന്ന നിലക്കാണ് വിനോദ നികുതി ഒഴിവാക്കി തരണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാരിനോടും ദില്ലി സർക്കാരിനോടും ഇവർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ചില കേന്ദ്രമന്ത്രിമാർ തന്നെ ചിത്രം കണ്ട് മികച്ച പ്രതികരണം നൽകിയ സാഹചര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് നിർമ്മാതാവ് ശൂജിത് സിർകറിന്റെ വിശ്വാസം.
ഒരു പാർട്ടിക്ക് ശേഷം മൂന്ന് പെൺകുട്ടികൾ ചെന്നെത്തിപ്പെടുന്ന ഒരു പ്രത്യേക സാഹചര്യത്തിൽനിന്നാണ് കഥ വികസിക്കുന്നത്. പാർട്ടിയിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച പെൺകുട്ടികൾ എന്തിനും വഴങ്ങുമെന്ന പൊതുധാരണയെ ചിത്രം ചോദ്യം ചെയ്യുന്നു. ലൈംഗിക അതിക്രമം തടയുന്ന പെൺകുട്ടികളോടുള്ള വൈരാഗ്യം തീർക്കാൻ അവരെ അപകീർത്തിപ്പെടുത്തുന്നതും ഇത് പെൺകുട്ടികൾ നിയമപരമായി നേരിടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പെൺകുട്ടികളെ സഹായിക്കാൻ എത്തുന്ന അഭിഭാഷകനായാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ വേഷമിടുന്നത്.
ചിത്രം ഇപ്പോൾതന്നെ 21 കോടിയിലധികം നേടികഴിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ അതിനെപറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ചിത്രം നൽകുന്ന സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശമെന്നും അണിയറപ്രവർത്തകർ പറയുന്നു.
