കലാലയ ജീവിതം പ്രമേയമാക്കി ഒരു വ്യത്യസ്ത ഷോര്‍ട് ഫിലിം. പരിയാരം മെഡിക്കൽ കോളജിലെ 2010 എം ബി ബി എസ് ബാച്ച് വിദ്യാർഥികളുടെ ഗ്രാജുവേഷനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ 'ഒരു വട്ടം കൂടി' എന്ന ഷോർട്ട് ഫിലിമാണ് യൂട്യൂബില്‍ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ ബാച്ചിലെ നൂറ് വിദ്യാർത്ഥികളെയും അണിനിരത്തിക്കൊണ്ട് തങ്ങളുടെ തന്നെ ആറ് വർഷത്തെ കലാലയാനുഭവങ്ങൾ ആവിഷ്കരിക്കുകയാണ് അവർ ചെയ്തത്. ചിത്രം നിർമ്മിച്ചതും അവർ തന്നെയാണ്.

മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്മേറ്റ്സിന്റെ സംവിധായകൻ ലാൽ ജോസിന്റെ വിവരണത്തിന്റെ അകമ്പടിയുമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫൈസൽ കോരങ്ങാട് ആണ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവും ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടി ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം ഓൺലൈനിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ആബിദ്, ആർച്ച, നിഹാസ്, അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത്. രാജേഷ് 4 ഫ്രെയിംസ് ഛായാഗ്രാഹണവും അനൂപ് ചിത്രഭാനു സംഗീതവും കൈകാര്യം ചെയ്യുന്നു.