സമൂഹമാധ്യമങ്ങളിലൂടെ ഒടിയനെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോള്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവാര്യർ പ്രതികരിക്കണമെന്ന് ശ്രീകുമാർ മേനോൻ ആവർത്തിച്ചു.

തിരുവനന്തപുരം: ഒടിയൻ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച് മഞ്ജുവാര്യർ പ്രതികരിക്കണമെന്ന് ആവർത്തിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. എന്നാല്‍, സിനിമക്കെതിരെ ആസൂത്രിത നീക്കങ്ങളുണ്ടെങ്കിലും മഞ്ജുവാര്യർ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു.

ഒടിയൻ സിനിമക്കെതിരെയുള്ള സൈബർ ആക്രമണം ആസൂത്രിതമെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞ ശ്രീകുമാർ മേനോൻ ഇന്നും ഇത് ആവർത്തിച്ചു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് കൊണ്ടാണ് ഇതെന്നും ശ്രീകുമാര്‍ പറയുന്നു. എന്നാല്‍, ഒടിയനിലെ നായിക മഞ്ജുവാര്യർ മൗനം വെടിയണമെന്ന് ശ്രീകുമാർ മേനോൻ ആവർത്തിക്കുമ്പോഴും മഞ്ജു ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

മഞ്‍ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി; മഞ്‍ജു തന്നെ പിന്തുണച്ച് സംസാരിക്കണം: ശ്രീകുമാര്‍ മേനോന്‍

അതേസമയം, മോഹൻലാൽ സിനിമ കാണാൻ പോയവർ തിരിച്ചിറങ്ങി സംവിധായകനെ ചീത്ത വിളിക്കുന്നത് മര്യാദയല്ലെന്ന ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഒടിയനാരാണെന്നും എവിടെ ഇരുന്നാണ് ഒടിവെക്കുന്നതെന്നും എല്ലാവർക്കും അറിയാമെന്നും ഭാഗ്യലക്ഷ്മി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേ സമയം മഞ്ജു മറുപടി പറയേണ്ട ആവശ്യമില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. വിവാദങ്ങൾക്കിടെ സിനിമയുടെ കളക്ഷൻ 50 കോടിയിലെത്തിയതായി സംവിധായകൻ പറഞ്ഞു.