കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ശ്രീത ശിവദാസിനെയും അന്വേഷണസംഘം ചോദ്യംചെയ്തു. ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് കഴിഞ്ഞ ദിവസം ശ്രീതയുടെ മൊഴി എടുത്തത്. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്ന് ശ്രീത വ്യക്തമാക്കി.
ദിലീപുമായി വിദേശയാത്ര നടത്തുകയോ ഷോകളില്‍ പങ്കെടുക്കുകയോ സിനിമയില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി മൊഴി നല്‍കിയതായാണ് സൂചന. ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടശേഷം ഫോണില്‍ നിരവധി തവണ വിളിച്ചതായും ശ്രീത മൊഴി നല്‍കി. ആക്രമിക്കപ്പെട്ടതിന് ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടില്‍ തങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദീഖിനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ നടൻ ദിലീപുമായി അടുപ്പമുള്ളയാളായതിനാലാണ് സിദ്ദീഖിനെയും ചോദ്യം ചെയ്തത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പിണക്കത്തിനു കാരണമായ സംഭവങ്ങള്‍ നടന്ന സ്റ്റേജ് ഷോ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ സംഘം സിദ്ദീഖില്‍ നിന്ന് ചോദിച്ചറിഞ്ഞത്. അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കേസില്‍ മാപ്പുസാക്ഷിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് പറഞ്ഞു. കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
