ശ്വേത മേനോന്‍റെ ആദ്യചിത്രമായിരുന്നു 1991ല്‍ പുറത്തിറങ്ങിയ അനശ്വരം

കരിയറിലെ ആദ്യ ചിത്രമായ അനശ്വരത്തിന്‍റെ സമയത്ത് അതില്‍ നായകനായിരുന്ന മമ്മൂട്ടിയോട് പ്രണയം തോന്നിയിരുന്നെന്ന് നടി ശ്വേത മേനോന്‍. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആദ്യ പ്രണയാനുഭവങ്ങളെക്കുറിച്ച് പറയാന്‍ മത്സരാര്‍ഥികള്‍ക്കുള്ള ടാസ്‍കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത.

"നന്നേ ചെറുപ്പത്തില്‍ വളരെ സിനിമാറ്റിക് ആയുള്ള സ്വപ്‍നങ്ങളില്‍ മുഴുകുന്ന സ്വഭാവമുണ്ടായിരുന്നു. ടെലിവിഷനില്‍ ചിത്രഗീതം കാണുമ്പോള്‍ അതിലെ നായികയായി മനസ്സുകൊണ്ട് മാറും. ആദ്യത്തെ സിനിമ (അനശ്വരം) യുടെ കരാര്‍ എഴുതിയപ്പോള്‍ മമ്മൂക്കയോട് പ്രണയം തോന്നി. പിന്നീട് യഥാര്‍ഥത്തിലുള്ള ആദ്യത്തെ പ്രണയം ആരംഭിച്ചപ്പോള്‍ മാതാപിതാക്കളെ ഞാന്‍ മറന്നു. പിന്നീട് ഞാനൊരു അമ്മയായപ്പോഴാണ് അവരുടെ വികാരങ്ങളെക്കുറിച്ചൊക്കെ മനസിലാക്കാനായത്." ശ്വേത മേനോന്‍ ബിഗ് ബോസില്‍ തനിക്കൊപ്പമുള്ള മത്സരാര്‍ഥികളായ മറ്റ് പതിനഞ്ച് പേരോട് പറഞ്ഞു. ബിഗ് ബോസ് മലയാളത്തിലെ നിലവിലെ ക്യാപ്റ്റനും കൂടിയാണ് ശ്വേത.

സാബു, അനൂപ് ചന്ദ്രന്‍, രഞ്ജിനി ഹരിദാസ് എന്നിവരും തങ്ങളുടെ ആദ്യത്തെ പ്രണയാനുഭവങ്ങളുടെ വികാരം മറ്റുള്ളവരുമായി പങ്കുവച്ചു.