തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയവും വേര്‍പിരിയിലും വിവാദങ്ങളുമെല്ലാം ഗോസിപ്പുകോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. എന്നാല്‍ അടുത്തകാലത്ത് നയന്‍താര സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നു. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകളുണ്ടായി. ഇപ്പോള്‍ കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നയന്‍താരയുടെ വിവാഹവാര്‍ത്തയെ കുറിച്ച് ഒരു ആരാധകരന്‍ ചിമ്പുവിനോട് ചോദിച്ചു. നയന്‍താരയുടെ വിവാഹത്തിന് പോകുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ചിമ്പുവിന്റെ ഉത്തരം ഇങ്ങനെയായിരുന്നു- നയന്‍സും വിഘ്നേഷ് ശിവയും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇരുവരും തുറന്നുസമ്മതിക്കാതെ അവര്‍ പ്രണയത്തിലാണെന്ന് ഞാന്‍ വിശ്വസിക്കില്ല.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം നയന്‍സിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ച ചിത്രമാണ് നാനും റൗഡി താന്‍. പ്രണയ ഗോസിപ്പുകള്‍ തള്ളിക്കളയാതിരുന്ന ഇരുവരും ചലച്ചിത്ര അവാര്‍ഡ് നിശകളിലും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ചാണ് പങ്കെടുക്കുന്നത്.

കഴിഞ്ഞ ഓണത്തിന് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് നയന്‍താര മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. കാര്‍ത്തി നായകനായ കഷ്‌മോരയാണ് നയന്‍സിന്റെ ഏറ്റവും പുതിയ ചിത്രം.