റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മലയാളിയുടെ സ്വന്തം സിത്തുവായ പാട്ടുകാരിയാണ് സിതാര കൃഷ്ണകുമാര്‍. തന്റെതായ ശൈലിയിലാക്കി പാട്ടുകള്‍ പാടുന്ന സിതാരയുടെ പാട്ടുകള്‍ ഒരിക്കലെങ്കിലും വാട്‌സാപ്പ് സ്റ്റാറ്റസാക്കാത്തവരായി ആരുമുണ്ടാകില്ല. താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

'ഒരിത്തിരി ജീവന്‍ ബാക്കി വച്ചിട്ടുണ്ട്' എന്ന ക്യാപ്ഷനോടെയാണ് സിതാര മകളോടൊത്തുള്ള കൊളാഷ്ചിത്രം പങ്കുവച്ചിരിക്കുന്നത്. 2009ലാണ് സിതാരയും സജീഷും വിവാഹിതരാകുന്നത്. ഇരുവരുടെയും മകള്‍ സാവന്‍ ഋതുവാണ് ഫോട്ടോയിലെ താരം. ഫോട്ടോയും ക്യാപ്ഷനും കണ്ടാലറിയാം അമ്മയും മകളും തമ്മില്‍ നല്ലൊരു അങ്കം കഴിഞ്ഞുനില്‍ക്കുകയാണെന്ന്. അമ്മയെപോലെതന്നെ സയുവും സോഷ്യല്‍മീഡിയായില്‍ വൈറലാണ്. കഴിഞ്ഞ ദിവസം താരം മകളെ പാട്ടുപടിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. അതുകൊണ്ടുതന്നെ, 'അമ്മയെ ഇപ്പോള്‍ വെറുതെ വിട്ടേക്കു, അടുത്ത ഇടി പാട്ടു പഠിപ്പിക്കുമ്പോഴാകാം, അമ്മയെക്കാള്‍ വലിയ പാട്ടുകാരിയാകണം മകള്‍' തുടങ്ങിയ കമന്റുകള്‍കൊണ്ട് ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തിരിക്കയാണ്.

മലപ്പുറം തേഞ്ഞിപ്പാലത്തുകാരിയായ സിത്താര ഏഷ്യാനെറ്റിലെ സപ്തസ്വരങ്ങള്‍, കൈരളിയിലെ ഗന്ധര്‍വ്വസംഗീതം, ജീവന്‍ ടി.വിയിലെ വോയ്‌സ് തുടങ്ങിയ റിയാലിറ്റി ഷോകളിലെ ഒന്നാംസ്ഥാനക്കാരിയായാണ് തന്റെ സംഗീതപ്രയാണം ആരംഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല'യിലെ നീ വസന്തകാലം എന്നുതുടങ്ങുന്ന ഗാനം ഹരീഷ് വാസുദേവനും സിതാരയും ആലപിച്ചത് അടുത്തിടെ സൂപ്പര്‍ഹിറ്റായിരുന്നു.