കൊച്ചി: ഗാനമേളയ്ക്കിടെ കടന്നു പിടിച്ചയാളെ തല്ലുന്ന ഗായികയുടെ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ഗായിക റിമി ടോമിയാണതെന്ന പേരിലായിരുന്നു പ്രചരണം. പക്ഷേ റിമിയല്ല അതെന്ന് ഭര്‍ത്താവ് റോയ്‌സ് വ്യക്തമാക്കി. വീഡിയോയിലെ യഥാര്‍ത്ഥ ഗായികയായ ശബാനയും സ്ഥിരീകരണവുമായി എത്തിയിരുന്നു. 

'എനിക്കും ഈ വീഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും അറിയില്ല എന്നാണ് പറഞ്ഞത്. മറ്റൊരാള്‍ അയച്ചതാണെന്നും പറഞ്ഞു. എനിക്കിപ്പോഴും ഈ വീഡിയോ കിട്ടുന്നുണ്ട്. ഒന്നു മാത്രം പറയാം ആ വീഡിയോയിലുള്ളത് റിമിയല്ല. റിമി ആരെയും തല്ലിയിട്ടില്ലെന്ന് മാത്രമല്ല ഗാനമേളകളില്‍ സ്‌റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല. 

നടക്കാത്തൊരു സംഭവത്തിലേയ്ക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ട് എന്താണ് ലഭം എന്നും അറിയില്ല' 

ശബാന എന്ന ഗായികയുടെ വീഡിയോയാണ് ശരിക്കും റിമിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. തനിക്കുണ്ടായ അനുഭവം വിശദീകരിച്ച് ശബാന കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സ്‌റ്റേജില്‍ നിന്നിറങ്ങി പാടുന്നതിനിടെ നൃത്തം ചെയ്ത് അടുത്തെത്തിയ ഒരാള്‍ ഗായികയുടെ കയ്യില്‍ പിടിച്ച് നൃത്തം ചെയ്യിക്കാന്‍ ശ്രമിക്കുകയും പിന്നീട് വസ്ത്രത്തില്‍ പിടിച്ച് താഴെ ഇടാന്‍ നോക്കുകയുമായിരുന്നു. ഇത് എതിര്‍ത്തതോടെ അയാള്‍ അടിക്കുന്നതും ഗായിക തിരിച്ചടിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ശബാന പരാതി നല്‍കിയിട്ടുണ്ട്.