Asianet News MalayalamAsianet News Malayalam

ദൈര്‍ഘ്യം കൂടിയെന്ന വിമര്‍ശനം; ഷാരൂഖ് ചിത്രം 'സീറോ'യില്‍ നിന്ന് ആറ് മിനിറ്റ് നീക്കി

2 മണിക്കൂര്‍  38 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തില്‍ നിന്ന് ആറ് മിനിറ്റാണ് അണിയറക്കാര്‍ കട്ട് ചെയ്തിരിക്കുന്നത്. വാരാന്ത്യത്തിലെ പ്രേക്ഷകപ്രതികരണം മുന്നില്‍ക്കണ്ട് ശനിയാഴ്ച വൈകിട്ടുതന്നെ ഈ തീരുമാനം നടപ്പാക്കിയിരുന്നു.

six minutes edited from zero
Author
Thiruvananthapuram, First Published Dec 24, 2018, 2:22 PM IST

ഒരു ഷാരൂഖ് ഖാന്‍ ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച വിജയം കണ്ടെത്തിയിട്ട് ഏറെക്കാലമാവുന്നു. ദില്‍വാലെ മുതല്‍ ആരംഭിച്ച പരാജയങ്ങളുടെ തുടര്‍ച്ചയ്ക്ക് തടയിടുമോ ക്രിസ്മസ് റിലീസായെത്തിയ സീറോ എന്നായിരുന്നു ബോളിവുഡ് വ്യവസായം ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച തരത്തിലൊരു ഓപണിംഗ് ചിത്രത്തിന് ലഭിച്ചില്ല. 20.14 കോടിയായിരുന്നു സീറോയുടെ റിലീസ്ദിന കളക്ഷന്‍.

six minutes edited from zero

ഏറെക്കുറെ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം മുഷിപ്പിച്ചെന്ന് അഭിപ്രായപ്പെട്ടവരില്‍ നല്ലൊരു പങ്കും ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടുതലാണെന്ന് പ്രതികരിച്ചിരുന്നു. വിജയം അത്രയും പ്രധാനമാണ് എന്നതിനാല്‍ ആ പരാതി ഉള്‍ക്കൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2 മണിക്കൂര്‍  38 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തില്‍ നിന്ന് ആറ് മിനിറ്റാണ് അണിയറക്കാര്‍ കട്ട് ചെയ്തിരിക്കുന്നത്. വാരാന്ത്യത്തിലെ പ്രേക്ഷകപ്രതികരണം മുന്നില്‍ക്കണ്ട് ശനിയാഴ്ച വൈകിട്ടുതന്നെ ഈ തീരുമാനം നടപ്പാക്കിയിരുന്നു. അതായത് ആദ്യ രണ്ട് ദിവസങ്ങളില്‍ തീയേറ്ററിലെത്തിയ ചിത്രത്തില്‍ നിന്നും ആറ് മിനിറ്റ് ദൈര്‍ഘ്യം വെട്ടിക്കുറച്ച പതിപ്പാണ് ഞായറാഴ്ച മുതല്‍ പ്രദര്‍ശനത്തിനുള്ളത്.

ഷാരൂഖ് ഖാന്‍ മൂന്നടി പൊക്കമുള്ള കഥാപാത്രമായാണ് 'സീറോ'യില്‍ എത്തുന്നത്. തനു വെഡ്‌സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഷാരൂഖ് കഥാപാത്രത്തിന്റെ പേര് ബൗവാ സിംഗ് എന്നാണ്. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സിനിമാതാരത്തെ ഡേറ്റ് ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ചിത്രത്തിലെ നായകന്‍.

Follow Us:
Download App:
  • android
  • ios