വെബ് ഡെസ്ക്

സിനിമയ്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന സംവിധായകന്‍ അമല്‍ നീരദിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍. തന്റെ അറിവില്‍ ഒരു സിനിമയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സംഘടനയ്‍ക്കു മാത്രമായി അത്തരമൊരു നടപടിയെടുക്കാനാകില്ലെന്നും സിയാദ് കോക്കര്‍ asianetnews.tvയോട് പറഞ്ഞു. സിനിമയ്‍ക്ക് കളക്ഷന്‍ കുറഞ്ഞാല്‍ തീയേറ്ററില്‍ നിന്ന് പുറത്തുപോകും. പടം വിജയിപ്പിച്ചെടുക്കാനുള്ള തന്ത്രമായിരിക്കും ആരോപണങ്ങള്‍ക്ക് പിന്നില്‍-. ഇനി വരാനിരിക്കുന്ന പറവയ്‍ക്കും എന്റെ അറിവില്‍ ഒരു വിലക്കും ഇല്ല. മള്‍ട്ടിപ്ലക്സ് സമരത്തില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് ഒരു നടപടിയും ഉണ്ടായിട്ടില്ല- സിയാദ് കോക്കര്‍ പറഞ്ഞു.

അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സിനിമകള്‍ക്ക് വിലക്കുണ്ട് എന്നായിരുന്നു ആരോപണം. മൾട്ടിപ്ലെക്സ് സമരത്തില്‍ പങ്കെടുത്തില്ലെന്ന കാരണത്താലാണ് വിലക്ക് .അമല്‍ നീരദിന്റെ ഏറ്റവും പുതിയ സിനിമയായ കൊമ്രേഡ് ഇന്‍‌ അമേരിക്ക എന്ന സിനിമ വിലക്ക് ഭീഷണി നേരിടുകയാണ്. വരാനിരിക്കുന്ന പറവ എന്ന സിനിമയ്‍ക്കും ഭീഷണിയുണ്ടെന്നായിരുന്നു ആരോപണം.

വിതരണ വിഹിതം സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് അപ്രഖ്യാപിതമായി നടത്തിയ സമരകാലത്ത് മള്‍ട്ടിപ്ലക്സില്‍ കൊമ്രേഡ് ഇന്‍‌ അമേരിക്ക പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് സാധാരണതീയേറ്റുകളില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സിനിമയ്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നായിരുന്നു ആരോപണം. അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും എ ആന്‍ഡ് എ കമ്പനി വിതരണം ചെയ്യുന്ന പറവയ്‍ക്കും വിലക്കുണ്ടായേക്കും. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ട്രാന്‍സ് എന്ന സിനിമയും വിലക്ക് നേരിടേണ്ടി വരുമെന്നുമായിരുന്നു ആരോപണം.