ദുരിതം കൊണ്ട് വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി എത്തിയ തമിഴ് സിനിമാ താരങ്ങള്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ. അതേസമയം തന്നെ സംഭാവനകള്‍ നല്‍കാന്‍ പിശുക്ക് കാണിച്ചുവെന്നാരോപിച്ച് മലയാളി താരങ്ങള്‍ക്ക് കണക്കിന് പൊങ്കാലയിടുകയാണ് സോഷ്യല്‍ മീഡിയ.

തിരുവനന്തപുരം: ദുരിതം കൊണ്ട് വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി എത്തിയ തമിഴ് സിനിമാ താരങ്ങള്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ. അതേസമയം തന്നെ സംഭാവനകള്‍ നല്‍കാന്‍ പിശുക്ക് കാണിച്ചുവെന്നാരോപിച്ച് മലയാളി താരങ്ങള്‍ക്ക് കണക്കിന് പൊങ്കാലയിടുകയാണ് സോഷ്യല്‍ മീഡിയ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് തമിഴ് താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് നല്‍കിയത്. 25 ലക്ഷം രൂപ കമലഹാസനും സംഭാവന ചെയ്തു. ദുരിതാശ്വാസത്തിനായി തമിഴ് ചാനലായ വിജയ് ടിവിയും 25 ലക്ഷം രൂപ സഹായധനം നല്‍കിയിട്ടുണ്ട്.

തമിഴ് താരങ്ങള്‍ വാരിക്കോരി സംഭാവനകള്‍ നല്‍കുമ്പോള്‍ മലയാളി താരങ്ങളാരും വ്യക്തമിപരമായി സംഭവന നല്‍കിയിട്ടില്ല. മമ്മൂട്ടി ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച് സഹായധനം നല്‍കുമെന്ന് അറിയിച്ചെങ്കിലും തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ" 10 ലക്ഷം രൂപ സഹായധനം കൈമാറിയിട്ടുണ്ട്. കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അംഗങ്ങളായ അമ്മ സംഘടന ആകെ നല്‍കിയത് പത്ത് ലക്ഷമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

"അമ്മയുടെ സോഷ്യല്‍ മീഡിയ പേജിലും മറ്റു വ്യക്തിപരമായി പോസ്റ്റുകളിലുമായി പൊങ്കാല തുടരുകയാണ്. മലയാളി താരങ്ങള്‍ പിശുക്കന്‍മാരാണെന്നും സ്വാര്‍ഥരാണെന്നും ആരോപണം ഉയരുന്നു. അതേസമയം താരങ്ങളെ അനുകൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. ഒരു രൂപ പോലും സംഭാവന നല്‍കാന്‍ തയ്യാറാകാത്തവരാണ് താരങ്ങളെ വിമര്‍ശിക്കുന്നവരെന്ന് ഇവര്‍ വാദിക്കുന്നു. അതേസമയം തന്നെ സഹായവുമായി എത്തിയ തമിഴ് താരങ്ങളെ വാനോളം പുകഴ്ത്തുന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളില്ല.