ആട് 2ന്റെ വിജയത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്'. അശോകന്‍ ചെരുവിലിന്റെ 'കാട്ടൂര്‍ക്കടവിലെ ക്രൂരകൃത്യങ്ങളെ'ന്ന ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കേരളീയ ഗ്രാമത്തിലെ അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകരുടെ കഥയാണ്. എന്നാല്‍ പേര് 'അര്‍ജന്റീന ഫാന്‍സ്' എന്നാണെങ്കിലും ചിത്രത്തില്‍ ബ്രസീല്‍ ആരാധകര്‍ക്കും ഇടമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍.

ചിത്രത്തിലെ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ആരാധകരായ കഥാപാത്രങ്ങളെ ചേര്‍ത്തുള്ള സിനിമയുടെ പുതിയ പോസ്റ്ററും മിഥുന്‍ മാനുവല്‍ തോമസ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന മെഹറുന്നിസ കാദര്‍കുട്ടി എന്ന നായികാകഥാപാത്രമുള്‍പ്പെടെ ബ്രസീല്‍ ആരാധകരാണെന്നാണ് സംവിധായകന്‍ പറയുന്നത്. ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടുന്ന പോസ്റ്ററാണ് മിഥുന്‍ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.

സംവിധായകനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ്. അമല്‍ നീരദിന്റെ 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'യ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച രണദിവെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം.