ദില്ലിയിൽവച്ച് നടക്കുന്ന ഒരു ചടങ്ങിൽ സമ്മാനം വിതരണം ചെയ്യുന്നതിനായാണ് ഇവന്റ് ഓർഗനൈസേഷൻ സോനാക്ഷിയെ ക്ഷണിച്ചത്. ഇതിനായി താരത്തിന് കമ്പനി 37 ലക്ഷം രൂപ നൽകി.
മുംബൈ: ബോളിവുഡ് താരം സോനാക്ഷി സിൻഹയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവന്റ് ഓർഗനൈസേഷൻ നൽകിയ പരാതിയിലാണ് സോനാക്ഷിക്കെതിരെ പൊലീസ് കേസെടുത്തത്. പരിപാടിയിൽ പങ്കെടുക്കാമെന്നേറ്റ് പണം കൈപ്പറ്റുകയും പങ്കെടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് താരത്തിനെതിരെ കമ്പനി പരാതി നൽകിയത്.
കഴിഞ്ഞ വർഷം നവംബർ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദില്ലിയിൽവച്ച് നടക്കുന്ന ഒരു ചടങ്ങിൽ സമ്മാനം വിതരണം ചെയ്യുന്നതിനായാണ് ഇവന്റ് ഓർഗനൈസേഷൻ സോനാക്ഷിയെ ക്ഷണിച്ചത്. ഇതിനായി താരത്തിന് കമ്പനി 37 ലക്ഷം രൂപ നൽകി. പരിപാടിയിൽ താൻ ഉറപ്പായും പങ്കെടുക്കുമെന്ന് പറഞ്ഞാണ് താരം പണം കൈപ്പറ്റിയതെന്ന് ഇവന്റ് ഓർഗനൈസറായ പ്രമോദ് ശർമ്മ പറഞ്ഞു.
പ്രമോദ് ശർമ്മയുടെ പരാതിയിൽ സോനാക്ഷി ഉൾപ്പടെ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുംബൈ സ്വദേശികളായ അഭിഷേക്, മാളവിക ദൂമിൽ, എഡ്ഗർ എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ കട്ട്ഘർ പൊലീസ് സ്റ്റേഷനിലാണ് കമ്പനി അധികൃതർ പരാതി നൽകിയത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
