ചിത്രീകരണ സമയത്തെ തമാശകളെയും സൗഹൃദങ്ങളെയും കുറിച്ച് സോനം

മുംബൈ:പെണ്‍സൗഹൃദത്തിന്‍റെ കഥ പറയുന്ന ബൊളിവുഡ് ചിത്രമാണ് കരീന കപൂര്‍, സ്വര ഭാസ്ക്കര്‍, സോനം കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന വീരേ ദി വെഡ്ഡിംഗ്.സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ കൂടെയല്ലാതെ മറ്റ് സൂപ്പര്‍ ഹീറോസിന്‍റെ കൂടെ അഭിനയിച്ചിട്ടില്ലെന്നും സ്ത്രീകളുടെ കൂടെ അഭിനയിക്കുന്നത് പിരിമുറുക്കം കുറച്ചെന്നും സോനം. വീരേ ദി വെഡ്ഡിംഗിനെക്കുറിച്ച് ദ സണ്‍ഡേ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് സോനം മനസ് തുറന്നത്.

മറ്റുചിത്രങ്ങളെ പോലെ തങ്ങള്‍ ഇതൂലടെ ഒരു സന്ദേശവും നല്‍കുന്നില്ലെന്നും എന്താണ് നിങ്ങള്‍ സ്വപ്നം കാണുന്നത് അത് നിങ്ങള്‍ ചെയ്യു എന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും സോനം പറഞ്ഞു. വിവാഹിതരാകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാനും നല്ലരീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത ബന്ധമാണെങ്കില്‍ അതില്‍ നിന്നും പുറത്ത് കടക്കാനും നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ബന്ധമാണെങ്കില്‍ അതിന് വേണ്ടി മുന്നോട്ട് പോകാനുമാണ് ചിത്രം പറയുന്നതെന്ന് സോനം പറഞ്ഞു.

ഇത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്നും എല്ലാ കഥാപാത്രങ്ങളും വളരെ ശക്തരാണെന്നും സോനം പറഞ്ഞു. ചിത്രീകരണ സമയത്തെ തമാശകളെയും സൗഹൃദങ്ങളെയും കുറിച്ച് പറയാനും സോനം മറന്നില്ല. ദില്ലിയിലെ കരീനയുടെ വീട്ടിലായിരുന്നു സിനിമാ ചിത്രീകരണമെന്നും കരീനയുടെ ഷൂട്ടിന്‍റെ സമയത്ത് സെയ്ഫ് മകനെ നോക്കുമായിരുന്നെന്നും സോനം പറഞ്ഞു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ സ്വരയെക്കുറിച്ചും സോനം വാചാലയായി. തങ്ങള്‍ രണ്ട്പേരും സമാനമനസ്ഥിതിയുള്ളവരാണെന്നും ഒരേപോലെ ചിന്തിക്കുന്ന സുഹൃത്തുക്കളുണ്ടാവുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും സോനം പറഞ്ഞു.