കായികതാരങ്ങളുടെ ജീവിതം പ്രമേയമായി നിരവിധി സിനിമകളാണ് ഇന്ത്യയില്‍ ഒരുങ്ങിയിട്ടുള്ളത്. സ്പോര്‍‌ട്സ് കേന്ദ്രപ്രമേയമായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ചക്ദേ ഇന്ത്യ, ഭാഗ് മില്‍ഖാ ഭാഗ്, കമഡി, ധോണി - അങ്ങനെ നിരവധി സിനിമകളാണ് വെള്ളിത്തിരയില്‍ കായികജീവിതം പറയുകയും ഇനി പറയാന്‍ തയ്യാറാകുകയും ചെയ്യുന്നത്. ബോളിവുഡ് താരം സോനം കപൂര്‍ പറയുന്നത് അത്തരം സിനിമകള്‍ കൂടുതലായി ഉണ്ടാകണമെന്നാണ്. രാജ്യത്തെ എക്കാലത്തേയും മികച്ച അത്‍ലെറ്റായ, മലയാളികളുടെ പ്രിയപ്പെട്ട കായികതാരം പി ടി ഉഷയുടെ ജീവിതമാണ് ഇനി ആദ്യം വെള്ളിത്തിരയില്‍ ഒരുക്കേണ്ടതെന്നാണ് സോനം കപൂര്‍ പറയുന്നത്.

ഞാന്‍ നീര്ജ എന്ന ജീവചരിത്രമായ സിനിമ ഇതിനകം ചെയ്‍തിട്ടുണ്ട്. ഇനി പി ടി ഉഷയുടെ ജീവിതം സിനിമയായി കാണണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത്തവണ ഒളിമ്പിക്സ് മെഡലുകള്‍ നേടിയ പി വി സിന്ധുവിന്റേയും സാക്ഷി മാലിക്കിന്റെയും ജീവിതം സിനിമയാകുന്നതിനു മുന്നേ പി ടി ഉഷയുടെ ജീവിതമാണ് വെള്ളിത്തിരയില്‍ എത്തിക്കേണ്ടത്. അത് വളരെ രസകരവും മികച്ചതുമായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. കായികതാരങ്ങളുടെ ജീവിതം പ്രമേയമായ സിനിമകള്‍ ജനങ്ങള്‍ക്ക് പ്രചോദനമാകും- - സോനം കപൂര്‍ പറഞ്ഞു.