വിവാദ 'ട്രെയിലര്‍' യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തത് 8 മണിക്കൂറിന് ശേഷം ചിത്രം ആഗസ്റ്റ് 31ന് റിലീസ് ചെയ്യാനിരിക്കെയാണ് സംഭവം

ബെഗലൂരു: ആഗസ്റ്റ് അവസാനമാണ് 'ഖാലി ദ കില്ലര്‍' തിയേറ്ററുകളിലെത്തുക. തിയേറ്റര്‍ റിലീസിന് മുന്നോടിയായാണ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലിടാന്‍ സോണി പിക്‌ചേഴ്‌സ് തീരുമാനിച്ചത്. 

ഒഫീഷ്യല്‍ ട്രെയിലറെന്ന് അടിക്കുറിപ്പും കൊടുത്ത് ട്രെയിലര്‍ യൂട്യൂബില്‍ ഇട്ടു. ഏറെ നേരത്തിന് ശേഷമാണ് പറ്റിയ അബദ്ധത്തെപ്പറ്റി സോണി തിരിച്ചറിഞ്ഞത്. ട്രെയിലറിന് പകരം യൂട്യൂബിലിട്ടത് മുഴുവന്‍ സിനിമ തന്നെയായിരുന്നു. 

ട്രെയിലര്‍ കാണാനെത്തിയവരെല്ലാം, ഞെട്ടി. എത്ര കണ്ടിട്ടും സംഗതി തീരുന്നില്ല. 90 മിനുറ്റോളം ദൈര്‍ഘ്യമുള്ള മുഴുനീള ചിത്രം തന്നെയാണ് ട്രെയിലറിന്റെ പേരില്‍ കിടക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ന്യൂസ് വെബ്‌സൈറ്റുകളാണ്. വാര്‍ത്ത വന്നതോടെ സോണി പിക്‌ചേഴ്‌സ് വെട്ടിലായി. 

ഏതാണ്ട് എട്ട് മണിക്കൂറോളം യൂട്യൂബില്‍ വെറുതേ കിടന്ന സിനിമ അതിന് ശേഷമാണ് നീക്കം ചെയ്തത്. റിച്ചാര്‍ഡ് കാബ്രെല്‍ പ്രധാന വേഷത്തിലെത്തുന്ന 'ഖാലി ദ കില്ലര്‍' ജോണ്‍ മാത്യൂസാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ ആഗസ്റ്റ് 31ന് തിയേറ്ററിലെത്തിക്കാനാണ് തീരുമാനം.